പാലാ :സെന്റ് തോമസ് കോളേജിൽ നടന്നുവരുന്ന 43 മത് ബിഷപ്പ് വയലിൽ ഇന്റർകോളേജിയേറ്റ് വോളിബോൾ ടൂർണമെന്റിൽ പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജ് സെമിഫൈനലിൽ പ്രവേശിച്ചു. ചൊവ്വാഴ്ച രാവിലെ നടന്ന മത്സരത്തിൽ അഞ്ചു സെറ്റ് നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തിന് ഒടുവിൽ സി.എം.എസ് കോളേജ് കോട്ടയത്തിനെ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക് കീഴടക്കി സെന്റ് സ്റ്റീഫൻസ് കോളേജ് പത്തനാപുരം സെമിയിൽ എത്തി.
(സ്കോർ 25 -19, 22- 25, 25-14, 22-25, 13-15 ). നാളെ ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് നടക്കുന്ന സെമിഫൈനലിൽ ആതിഥേയരായ പാലാ സെന്റ് തോമസ് കോളേജ് പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിനെ നേരിടും. തുടർന്ന് നടക്കുന്ന വനിതകളുടെ രണ്ടാം സെമി ഫൈനലിൽ പാലാ അൽഫോൻസാ കോളേജ് ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്സ് കോളേജിനെ നേരിടും. പാലാ സെന്റ് തോമസ് കോളേജും പൂർവ്വ വിദ്യാർത്ഥികളും സംയുക്തമായി നടത്തുന്ന ടൂർണമെന്റ് വ്യാഴാഴ്ച സമാപിക്കും.

