മഞ്ഞളിപ്പ് രോഗത്തില്‍ വലഞ്ഞ് കവുങ്ങ് കര്‍ഷകര്‍

പരിയാരം: മഞ്ഞളിപ്പ് രോഗം മൂലം കടന്നപ്പള്ളി- പാണപ്പുഴ പഞ്ചായത്തിലെ കവുങ്ങ് കര്‍ഷകര്‍ ദുരിതത്തിന് വര്‍ഷങ്ങളുടെ പഴക്കം ഉണ്ട്.
ചെറുവിച്ചേരിയിലെ പി.കെ. കൃഷ്ണന്‍റെ ഉടമസ്ഥതയിലുള്ള ഒരേക്കര്‍ പതിനെട്ട് സെന്‍റ് സ്ഥലത്തെ മഞ്ഞളിപ്പ് രോഗം ബാധിച്ച ചെറുതും വലുതുമായ ആയിരത്തോളം കവുങ്ങുകളാണ് മുറിച്ച്‌ കളയുന്നത്. പഞ്ചായത്ത് പരിധിയില്‍ പത്തു വര്‍ഷം മുന്പാണ് മഞ്ഞളിപ്പ് രോഗം കവുങ്ങുകള്‍ക്ക് ബാധിച്ച്‌ തുടങ്ങിയത്. രണ്ടു വര്‍ഷത്തോളമായി പ്രദേശത്ത് മഞ്ഞളിപ്പ് വ്യാപകമായി.

മഞ്ഞളിപ്പ് വന്ന കവുങ്ങോലകള്‍ ക്രമേണ കരിഞ്ഞ് പിന്നീട് മണ്ട പൂര്‍ണമായും ഉണങ്ങി പ്പോവുകയാണ്. നല്ല കായ്ഫലമുള്ള കവുങ്ങുകളാണ് രോഗം ബാധിച്ച്‌ ഉണങ്ങുന്നത്. മഞ്ഞളിപ്പ് ലക്ഷണമുള്ള കവുങ്ങിന് അടയ്ക്കാ പിടിത്തവും വളരെ കുറവാണ്. രോഗം ബാധിച്ചതിനെത്തുടര്‍ന്ന് ഉത്പാദനം നാലിലൊന്നായി കുറഞ്ഞെന്നാണ് കര്‍ഷകര്‍ പറയുന്നത്.

കായ്ക്കാത്ത ചെറിയ കവുങ്ങുകള്‍ക്കും മഞ്ഞളിപ്പ് തുടങ്ങിയിട്ടുണ്ട്. മഹാളി രോഗംമൂലം അടയ്ക്ക പൂര്‍ണമായും നശിച്ചതും മഞ്ഞളിപ്പ് രോഗം പടര്‍ന്നുപിടിക്കുന്നതും കര്‍ഷകര്‍ക്ക് കനത്ത പ്രഹരമാണ്.

ഈ രോഗത്തിനെതിരെ എന്ത് മരുന്ന് പ്രയോഗിച്ചിട്ടും കാര്യമില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കാര്‍ഷിക വകുപ്പും കാര്‍ഷിക ഗവേഷണ കേന്ദ്രവും ഒക്കെ പലതരത്തിലുള്ള മരുന്നുകളും വളങ്ങളും പ്രയോഗിച്ചിട്ടും മഞ്ഞളിപ്പ് രോഗത്തിന് ഒരു പരിഹാരവും കാണാൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല രോഗം വന്ന് നശിക്കുന്നവയ്ക്ക് യാതൊരു തരത്തിലുള്ള സാമ്ബത്തിക ആനുകൂല്യവും കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല.

ഈ മഞ്ഞളിപ്പ് രോഗത്തിന് പ്രതിവിധി കണ്ടെത്തിയില്ലെങ്കില്‍ കുറച്ച്‌ വര്‍ഷത്തിനുള്ളില്‍ കവുങ്ങ് കൃഷി ഇല്ലാതെയാകും എന്നാണ് കര്‍ഷകര്‍ പറയുന്നത്.

കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിന് പുറമെ സമീപ പ്രദേശങ്ങളായ പരിയാരം പഞ്ചായത്ത്, എരമം-കുറ്റൂര്‍ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലും മഞ്ഞളിപ്പ് രോഗ ബാധയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →