ലണ്ടന്‍: യുകെയിലുള്ള ഇന്ത്യന്‍ വംശജനായ അതുല്‍ റാവോ എന്ന വിദ്യാര്‍ത്ഥിക്ക് ഒരു ദിവസം ആറ് തവണ ഹൃദയസ്തംഭനം ഉണ്ടായി. യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍എച്ച്എസ്) നടത്തിയ കഠിന പ്രയത്‌നത്തിലാണ് വിദ്യാര്‍ഥിയുടെ ജീവന്‍ തിരിച്ചു പിടിക്കാന്‍ കഴിഞ്ഞത്. തനിക്ക് പുനര്‍ജന്മം നല്‍കിയ വൈദ്യശാസ്ത്രത്തോടുള്ള അഗാധമായ വിശ്വാസവും സ്‌നേഹവും മൂലം വൈദ്യശാസ്ത്രം പഠിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അതുല്‍ റാവോ.
സിയാറ്റില്‍ താമസിക്കുന്ന അതുല്‍ റാവുവിന്റെ ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചു. ഇത് ഹൃദയത്തിലേക്കുള്ള രക്തയോട്ടം നിര്‍ത്തി. പള്‍മണറി എംബോളിസം എന്നതാണ് ഈ അവസ്ഥക്ക് പറയുന്ന പേര്. ഇതാണ് ഹൃദയ സ്തംഭനത്തിലേക്ക് നയിച്ചത്.
ലണ്ടനിലെ ഇംപീരിയല്‍ കോളേജ് ഹെല്‍ത്ത്‌കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റ് ഹാമര്‍സ്മിത്ത് ഹോസ്പിറ്റലിലെ ഹൃദയാഘാത കേന്ദ്രത്തില്‍ എത്തിച്ച ഉടന്‍ തന്നെ രക്തം കട്ടപിടിക്കുന്ന അവസ്ഥ സ്‌കാനിങിലൂടെ കണ്ടെത്താന്‍ കഴിഞ്ഞു. ആരോഗ്യം വീണ്ടെടുത്തതിന് ശേഷം ആശുപത്രി അധികൃതരോട് നന്ദി അറിയിക്കാന്‍ മാതാപിതാക്കളോടൊപ്പം അതുല്‍ റാവോ എത്തിയിരുന്നു. ആ സമയത്താണ് താനും മെഡിസിന്‍ പഠിക്കാന്‍ പോകുന്നുവെന്ന് വിവരം അതുല്‍ പങ്കുവെച്ചത്. ബിസിനസ് കരിയറാക്കണമെന്നായിരുന്നു മുമ്പുണ്ടായിരുന്ന ആഗ്രഹം. രണ്ടാം ജന്മം കിട്ടിയപ്പോഴാണ് തീരുമാനം മാറിയത്. മറ്റുള്ളവരെ സഹായിക്കുന്ന തരത്തില്‍ കൂടുതല്‍ ക്രിയാത്മകമായുള്ള ജോലി ചെയ്യണം എന്ന് തോന്നി.
പ്രീമെഡ് ബിരുദത്തിന്റെ അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് അതുല്‍ റാവു. അതുല്‍ റാവുവിന്റെ ആരോഗ്യ നില വളരെ മോശമായതിനാല്‍ സിപിആര്‍ നല്‍കാന്‍ പോലും കഴിഞ്ഞിരുന്നില്ലെന്നാണ് മറ്റ് വിദ്യാര്‍ഥികള്‍ പറയുന്നത്. അത്രക്ക് അവശ നിലയിലാണ് അതുലിനെ ആശുപത്രിയിലെത്തിച്ചത്. അതുലിന്റെ മാതാപിതാക്കളും ആശുപത്രി ജീവനക്കാര്‍ക്ക് ഹൃദയംഗമമായ നന്ദി അറിയിച്ചു.