കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റിയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലി നോക്കിയിരുന്ന 19 മലയാളികള്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ മോചിതരായി. ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് കഴിഞ്ഞ 21 ദിവസമായി പൊലീസ് കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മലയാളി നഴ്സുമാര്‍ അടക്കമുള്ളവര്‍ പുറത്തിറങ്ങിയത്. സെപ്റ്റംബര്‍ 13ന് കുവൈത്ത് ആഭ്യന്തര, തൊഴില്‍, ആരോഗ്യ മന്ത്രാലയങ്ങൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് നഴ്സുമാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരെ പിടികൂടിയത്.
ഇന്ത്യക്കുപുറമെ ഫിലിപ്പീൻസ്, ഈജിപ്ത്, ഇറാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള ആരോഗ്യ ജീവനക്കാരാണ് പിടിക്കപ്പെട്ടത്. പിടിയിലായവരില്‍ ചിലര്‍ ലൈസൻസും യഥാർഥ തൊഴിൽ വിസയുമില്ലാതെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരാണെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്, മലയാളികള്‍ അടക്കമുള്ള നഴ്സുമാരുടെ മോചനം ഉടന്‍ ഉണ്ടാകുമെന്ന് സൂചന നല്‍കിയിരുന്നു

