ഏകദിന ലോകകപ്പിൽ ആദ്യ മത്സരത്തിൽ ഞായറാഴ്ച ഓസ്‌ട്രേലിയയെ നേരിടാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് വൻ തിരിച്ചടി. ഇന്ത്യയുടെ യുവ ബാറ്റിങ് സെൻസേഷനും പ്രതിഭാശാലിയായ ഓപ്പണറുമായ ശുഭ്മാൻ ഗിൽ കളിക്കില്ലെന്നാണ് റിപ്പോർട്ട്. ഡെങ്കിപ്പനി ബാധിതനായ താരം ആശുപത്രിയിലാണെന്ന വിവരമാണ് ടീം ക്യാമ്പിൽ നിന്ന് പുറത്തുവരുന്നത്.
വ്യാഴാഴ്ച ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ടീമിന്റെ നെറ്റ് സെഷനിൽ ഗിൽ പങ്കെടുത്തിരുന്നില്ല. ഇതോടെ ആദ്യ ലോകകപ്പ് മത്സരത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ശുഭ്‌മാൻ ഗില്ലില്ലാതെ ഇന്ത്യൻ ടീം കളത്തിലിറങ്ങേണ്ടി വരും. ഇന്ത്യൻ ടീം മാനേജ്‌മെന്റ് ഗില്ലിന്റെ ആരോഗ്യനില നിരീക്ഷിച്ച് വരികയാണെന്നും, വെള്ളിയാഴ്ച കൂടുതൽ പരിശോധനയ്ക്ക് ശേഷം താരത്തിന് കളിക്കാനാകുമോ എന്ന് തീരുമാനിക്കുമെന്നും ടീമുമായി അടുത്ത ബന്ധമുള്ളവർ അറിയിച്ചു.
ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ ഗില്ലിന് കളിക്കാനാകാതെ വന്നാൽ ക്യാപ്റ്റൻ രോഹിത് ശർമ്മയ്‌ക്കൊപ്പം ഇഷാൻ കിഷനോ കെഎൽ രാഹുലോ ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. മികച്ച ഫോമിലുള്ള ഗില്ലിനെ നിർണായക പോരാട്ടത്തിൽ നഷ്ടമാകുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാകും. ടൂർണമെന്റിൽ ഇന്ത്യയുടെ ഏറ്റവും മികച്ച റൺവേട്ടക്കാരാനാകാൻ സാധ്യത കൽപ്പിക്കപ്പെടുന്ന താരമാണ് ഗിൽ.
ഈ വർഷമാദ്യം ന്യൂസിലൻഡിനെതിരെ ഗിൽ ഇരട്ട സെഞ്ചുറി നേടിയിരുന്നു. വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ നിറം മങ്ങിയെങ്കിലും തുടർന്നുള്ള മത്സരങ്ങളിൽ ഫോമിൽ തിരിച്ചെത്തി. 890 റൺസുമായി ഇന്ത്യൻ പ്രീമിയർ ലീഗിലെ ഉയർന്ന റൺവേട്ടക്കാരനായിരുന്നു. അടുത്തിടെ നടന്ന ഏഷ്യാ കപ്പിലും 302 റൺസുമായി ടൂർണമെന്റിലെ ടോപ് സ്കോററായി. കഴിഞ്ഞ ഇന്നിംഗ്സുകളിൽ 104, 74, 27, 121, 19, 58, 67 എന്നിങ്ങനെയാണ് ഗില്ലിന്റെ വ്യക്തിഗത സ്കോർ.ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ടീമിനെ പരുക്ക് വലച്ചിരുന്നു. മുൻനിര താരങ്ങളായ ജസ്പ്രീത് ബുംറ, കെഎൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവരെല്ലാം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ടീമിൽ തിരിച്ചെത്തിയത്. ഏഷ്യാ കപ്പിൽ പോലും സ്പിന്നർ അക്സർ പട്ടേലിന് പരിക്കേറ്റിരുന്നു. പകരം രവിചന്ദ്രൻ അശ്വിനെയാണ് ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയത്

