കൽപ്പറ്റ: ദീർഘദൂര ബസുകൾ സന്ധ്യയായാൽ ബസ് സ്റ്റാന്റിൽ കയറാത്തത് ചോദ്യം ചെയ്തത് എ.ഐ.ടി.യുസി പ്രവർത്തകരും പോലീസും തമ്മിലുള്ള വാക്കേറ്റത്തിൽ കലാശിച്ചു. രാത്രി ഏഴിന് ശേഷം കോഴിക്കോട്, ബംഗളൂരു ഭാഗത്ത് നിന്ന് വരുന്ന ദീർഘദൂര ബസുകൾ സ്റ്റാന്റിൽ പ്രവേശിക്കാതെ ദേശീയപാതയിൽ നിർത്തി ആളെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നതാണ് രീതിയെന്നും ഇത് അവസാനിപ്പിക്കണമെന്ന്
ആവശ്യപ്പെട്ടായിരുന്നു എ.ഐ.ടി.യു.സി പ്രവർത്തകർ ബസ് സ്റ്റാന്റിന് സമീപം സമരം തുടങ്ങിയത്.
എന്നിട്ടും പ്രശ്‌നത്തിൽ പരിഹാരമില്ലാതെ വന്നതോടെ 2023 സെപ്തംബർ 29 വെള്ളിയാഴ്ച വൈകുന്നേരത്തോടെ ദേശീയപാതയിലിറങ്ങി ഇവർ സ്റ്റാന്റിൽ പ്രവേശിക്കാത്ത കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര വാഹനങ്ങൾ തടയുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സമരക്കാരോട് ബസ് തടയരുതെന്ന് ആവശ്യപ്പെട്ടെങ്കിലും ഇവർ വഴങ്ങിയില്ല. ഇതോടെയാണ് വാക്കേറ്റത്തിലേക്ക് നീങ്ങിയത്. സമരത്തിനൊടുവിൽ സംഘടനനേതാക്കളെയും കെ.എസ്.ആർ.ടി.സി അധികൃതരെയും 2023 സെപ്തംബർ 30 ശനിയാഴ്ച രാവിലെ പോലീസ് സ്‌റ്റേഷനിലേക്ക് ചർച്ചക്ക് വിളിപ്പിച്ചിട്ടുണ്ട്.
കൽപ്പറ്റ നഗരത്തിലെത്തുന്ന ലക്ഷ്വറി, സൂപ്പർ ക്ലാസ് ബസുകൾ സ്റ്റാന്റിൽ പ്രവേശിക്കാതെ ദേശീയ പാതയിൽ തന്നെ ആളെയിറക്കുകയും കയറ്റുകയും ചെയ്യുന്നത് വർഷങ്ങളായി തുടരുകയാണ്. കഴിഞ്ഞ വർഷം സമാനരീതിയിൽ യാത്രക്കാർ പ്രതിഷേധിച്ചിരുന്നെങ്കിലും കുറച്ചുകാലത്തേക്ക് മാത്രമാണ് ബസുകൾ സ്റ്റാന്റിലെത്തിയത്. വീണ്ടും പഴയപടി റോഡിൽ ആളെയിറക്കി പോകുന്നത് പതിവായതോടെയാണ് തങ്ങൾ സമരം ചെയ്യാൻ ഇറങ്ങേണ്ടി വന്നതെന്ന് എ.ഐ.ടി.യു.സി നേതാക്കൾ പറഞ്ഞു.