കൽപറ്റ: ആദിവാസി യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കർണാടകയിൽ കൂലിപ്പണിക്ക് പോയ ആദിവാസി യുവാവ് ബാവലി ഷാണമംഗലം കോളനിയിലെ ബിനീഷിന്റെ മരണത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്.
കർണാടകയിലെ ബിരുണാണിയിൽ ജോലിസ്ഥലത്തിനടുത്ത ചെറിയ തോട്ടിൽ മരിച്ച നിലയിലാണ് ബുധനാഴ്ച കണ്ടെത്തിയത്. ബിനീഷിന്റെ ശരീരത്തിൽ മുറിവുണ്ടായിരുന്നതായി സഹോദരൻ മനോജ് പറഞ്ഞു. നാലു ദിവസം മുമ്പ് ബിരുണാണിയിലെ കുടക് സ്വദേശിയുടെ കാപ്പിത്തോട്ടത്തിൽ വളമിടാനായി ബിനീഷിനെ കൊണ്ടുപോയ ആൾ തന്നെയാണ് മരിച്ച വിവരം ബാവലിയിലെ ഓട്ടോ ഡ്രൈവറെ അറിയിക്കുന്നത്.
വിവരമറിഞ്ഞ ഉടൻ തന്നെ സഹോദരനുൾപ്പെടെ കർണാടകയിലേക്ക് തിരിച്ചിരുന്നു. എന്നാൽ, ബന്ധുക്കൾ എത്തുന്നതിനു മുമ്പ് തന്നെ മൃതദേഹം ഗോണിക്കുപ്പ ആശുപത്രിയിലേക്ക് മാറ്റിയെന്നും അവിടെ ചെന്നപ്പോഴും കാണാൻ അനുവദിച്ചില്ലെന്നുമാണ് സഹോദരൻ പറയുന്നത്. പിറ്റേ ദിവസം 11ഓടെ പോസ്റ്റ്മോർട്ടത്തിന് തൊട്ടുമുമ്പാണ് മൃതദേഹം കാണാൻ അനുമതി ലഭിച്ചത്. ആ സമയത്ത് കണ്ണിന്റെ വശങ്ങളിലും ചെവിയിലും തലക്ക് പിറകിലും മുറിവ് കണ്ടതായാണ് സഹോദരനും സുഹൃത്തുക്കളും പറയുന്നത്. ചെവിയിലൂടെ ചോര ഒഴുകുന്നുമുണ്ടായിരുന്നു. ഒന്നര അടി മാത്രം വെള്ളമുള്ള തോട്ടിലാണ് മൃതദേഹം കിടന്നിരുന്നതെന്ന് വിഡിയോയിലും ഫോട്ടോയിലും വ്യക്തമാണ്. അത്രയും കുറച്ച് വെള്ളമുള്ള തോട്ടിൽ ബിനീഷ് എങ്ങനെ ആത്മഹത്യ ചെയ്യുമെന്നാണ് ബന്ധുക്കൾ ചോദിക്കുന്നത്.