സഹകരണ ബാങ്കിന്‍റെ ജപ്തി ഭീഷണി; കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചു കുടുംബം

സഹകരണ ബാങ്കിന്‍റെ ജപ്തി ഭീഷണിയെത്തുടര്‍ന്ന് കാതിക്കുടത്ത് മൂന്ന് പേര്‍ ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോർട്ട്. അമിതമായി ഗുളിക കഴിച്ച്‌ ഗുരുതരാവസ്ഥയിലായ കാതിക്കുടം മച്ചിങ്ങല്‍ വീട്ടില്‍ തങ്കമണി (69), മകള്‍ ഭാഗ്യലക്ഷ്മി (46), ഭാഗ്യലക്ഷ്മിയുടെ മകൻ അതുല്‍ കൃഷ്ണ (10) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിൽ തങ്കമണിയുടെ നില അതിഗുരുതരമാണ്.

ഉറക്കഗുളിക അമിതമായി പായസത്തില്‍ കലര്‍ത്തി കഴിച്ചനിലയില്‍ കണ്ടെത്തിയ ഇവരെ ഞായറാഴ്ച രാത്രിയോടെയാണ് ചാലക്കുടി സെന്‍റ് ജയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച കറുകുറ്റി അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി.

അതുല്‍ കൃഷ്ണയുടെ ചികിത്സക്ക് 19 ലക്ഷം രൂപ കാടുകുറ്റി സര്‍വിസ് സഹകരണ ബാങ്കില്‍നിന്ന് ഇവര്‍ വായ്പയെടുത്തിരുന്നു. പലിശയടക്കം 22 ലക്ഷം രൂപയായതോടെ ബാങ്ക് ജപ്തി നടപടികളിലേക്ക് നീങ്ങി. കഴിഞ്ഞദിവസം ഇവരുടെ വീട്ടില്‍ നോട്ടീസ് പതിച്ചിരുന്നു. വായ്പ തിരിച്ചടക്കാൻ പറ്റാത്തസാഹചര്യത്തില്‍ ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചതായാണ് പറയുന്നത്. ജപ്തി നടപടി ഒഴിവാക്കാൻ നിയമോപദേശത്തിന് അഭിഭാഷകനെ കാണാൻ പുറത്തുപോയ ഭാഗ്യലക്ഷ്മിയുടെ ഭര്‍ത്താവ് വത്സൻ രാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മൂന്ന് പേരെയും അവശനിലയില്‍ കണ്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →