11കാരൻ ഒഴിവാക്കിയത് വൻ ട്രെയിൻ ദുരന്തം

കൊൽക്കത്ത: വൻ ട്രെയിൻ ദുരന്തമൊഴിവാക്കാൻ അഞ്ചാം ക്ലാസുകാരന്റെ ഇടപെടൽ ചർച്ചയാകുന്നു. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ മുർസലിൻ തന്റെ ചുവന്ന ഷർട്ടഴിച്ച് വീശി ലോക്കോ പൈലറ്റിന്റെ ശ്രദ്ധയാകർഷിച്ച് ട്രെയിൻ നിർത്തിക്കുകയായിരുന്നു. അപകടമൊഴിവാക്കിയത്. ബം​ഗാളിലെ മാൾട്ടയിലാണ് സംഭവം നടന്നത്. 2023 സെപ്തംബർ 21 വ്യാഴാഴ്ച ഉച്ചയ്ക്ക് വീട്ടിൽ നിന്ന് റെയിൽവേ ട്രാക്കിന് സമീപമുള്ള കുളത്തിൽ മീൻ പിടിക്കാൻ പോയപ്പോഴാണ് സംഭവം. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

കുട്ടി മീൻ പിടിക്കുകയായിരുന്നു. എന്നാൽ ഏതാനും നിമിഷങ്ങൾ കഴിഞ്ഞിട്ടും മീനൊന്നും കിട്ടിയില്ല. ചുറ്റുപാടും നോക്കിയപ്പോൾ കനത്ത മഴയെത്തുടർന്ന് റെയിൽവേ ട്രാക്കിന് താഴെ മണ്ണൊലിച്ച് പോയി വലിയ കുഴി രൂപപ്പെട്ടതായി കണ്ടെത്തി. ട്രാക്കിന്റെ ഒരു ഭാഗത്തെ മുഴുവൻ മണ്ണും ഒലിച്ചുപോയതായി ശ്രദ്ധയിൽപ്പെട്ടപ്പോൾ മുർസലിന് അപകടം മനസ്സിലായി. ഇതേസമയം, സിൽച്ചാറിലേക്ക് പോകുന്ന കാഞ്ചൻജംഗ എക്‌സ്‌പ്രസിന്റെ ചൂളംവിളി കേട്ടു. ഉടൻ തന്നെ കുട്ടി തന്റെ ചുവന്ന ടീ ഷർട്ട് അഴിച്ച് ലോക്കോ പൈലറ്റിന്റെ ശ്രദ്ധ ആകർഷിക്കാൻ വേഗത്തിൽ അത് വീശാൻ തുടങ്ങി.

കുട്ടി ഷർട്ട് വീശുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ട്രെയിൻ നിർത്തി. തുടർന്ന് അദ്ദേഹം കുഴി പരിശോധിക്കുകയും അധികൃതർക്ക് സന്ദേശം അയക്കുകയും ചെയ്തു. റെയിൽവേ ഉദ്യോഗസ്ഥർ എത്തി അറ്റകുറ്റപ്പണികൾ നടത്തിയ ശേഷമാണ് ട്രെയിൻ പുറപ്പെട്ടത്. മുർസലിന്റെ പ്രവൃത്തി സോഷ്യൽ മീഡിയയിൽ വൈറലാകുകയും അവനെ പ്രശംസിക്കാൻ നൂറുകണക്കിന് ആളുകൾ വീട്ടിലെത്തുകയും ചെയ്തു. മഴ കാരണം റെയിൽവേ ട്രാക്കിനടിയിലെ മണ്ണും കല്ലും ഒലിച്ചുപോയത് ഞാൻ കണ്ടു. ആ സമയം ട്രെയിൻ പോയാൽ അപകടമാകുമെന്ന് കരുതി. അതുകൊണ്ടാണ് ഒരു നിമിഷം പോലും പാഴാക്കാതെ പ്രവർത്തിച്ചതെന്ന് കുട്ടി പറഞ്ഞു. മകൻ വീട്ടിൽ തിരിച്ചെത്തി സംഭവം വിവരിച്ചതായി മുർസലിന്റെ അമ്മ മർസീന ബീബി പറഞ്ഞു.

മകനെക്കുറിച്ച് അഭിമാനം തോന്നുന്നുവെന്നും അവന്റെ പ്രവൃത്തി വലിയ ദുരന്തമൊഴിവാക്കിയെന്നും റെയിൽവേ ഉദ്യോഗസ്ഥരും കുട്ടിയെ അഭിനന്ദിച്ചെന്നും അവർ പറഞ്ഞു. പാളത്തിനടിയിലെ കുഴി കുട്ടി കാണും മുമ്പ് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. പരിശോധിച്ച ശേഷം, അടുത്തുള്ള ഭാലൂക റോഡ് സ്റ്റേഷനിൽ നിന്നുള്ള റെയിൽവേ ഉദ്യോഗസ്ഥർ ഇത് നികത്താനുള്ള നടപടികൾ സ്വീകരിച്ചു. കുട്ടിയുടെ മനസ്സിന്റെ സാന്നിധ്യത്തെയും അവന്റെ ധൈര്യത്തെയും ഞങ്ങൾ അഭിനന്ദിക്കുന്നുവെന്ന് റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →