മന്ത്രി വീണാ ജോർജിനെതിരായ കെഎം ഷാജിയുടെ പരാമർശത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മന്ത്രി ആർ. ബിന്ദു. ഷാജിയും മുസ്ലിംലീഗും സ്ത്രീകളെ കാണുന്നത് സാധനങ്ങളായി മാത്രമാണെന്നും കെഎം ഷാജിയുടേത് കുശുമ്പുകുത്തും സംസ്കാരശൂന്യതയുമാണെന്നും മന്ത്രി ആർ. ബിന്ദു ഫെയ്സ്ബുക്കിൽ കുറിച്ചു.
ആർ. ബിന്ദുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ : ആരോഗ്യമന്ത്രി സ വീണാ ജോർജ്ജിനെതിരായി കെ എം ഷാജി നടത്തിയ പരാമർശത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു. വിദ്യാസമ്പന്നയും ബുദ്ധിമതിയും കർമ്മകുശലയുമായ സ. വീണ ഇതിനകം തന്റെ പ്രാഗത്ഭ്യവും ഇടപെടൽ ശേഷിയും നേതൃപാടവവും മികച്ച നിലയിൽ തെളിയിച്ച വനിതാരത്നമാണ്. അവരെ അന്തവും കുന്തവുമില്ലാത്ത “സാധനം” എന്നാണ് ഷാജി വിശേഷിപ്പിച്ചത്. ഷാജിയും അദ്ദേഹത്തിന്റെ പാർട്ടിയും വെറും സാധനങ്ങൾ മാത്രമായാണ് സ്ത്രീകളെ തങ്ങൾ കാണുന്നത് എന്ന് ഒരിക്കൽ കൂടി വ്യക്തമാക്കിയിരിക്കുന്നു.
മികച്ച ഭൂരിപക്ഷത്തിന് രണ്ടാം പ്രാവശ്യവും സ്വന്തം മണ്ഡലത്തിൽ നിന്ന് ജനസമ്മതി നേടി ജയിച്ചു വന്ന് മന്ത്രിയായി ഏവരുടെയും അഭിനന്ദനങ്ങൾ ഏറ്റു വാങ്ങി മുന്നോട്ടു പോകുന്ന മിടുക്കിയായ വീണയെ, പല തവണ പരാജയപ്പെട്ട ഷാജി കുശുമ്പുകുത്തുന്നത് കാണുമ്പോൾ, ആ വിരോധാഭാസത്തിൽ സ്വബോധമുള്ളവർക്ക് പ്രതികരിക്കാതിരിക്കാനാവില്ല. ഷാജിയുടെ സ്ത്രീവിരുദ്ധ മനോഭാവത്തേയും സംസ്കാരശൂന്യതയേയും ശക്തമായി അപലപിക്കുന്നു