തിരുവനന്തപുരം: ഓടുന്നതിനിടെ പൊലീസ് വാഹനത്തിന് തീപിടുത്തം ഉണ്ടായി. തിരുവനന്തപുരം വെള്ളയമ്പലതാണ് അപകടം ഉണ്ടായത്. തീപിടുത്തത്തിൽ വാഹനം കത്തിനശിച്ചു. സംസ്ഥാന സ്പെഷൽ ബ്രാഞ്ച് ഡെപ്യൂട്ടി കമ്മാന്റന്റ് സുജിത്തിന്റെ ഔദ്യോഗിക വാഹനമാണ് കത്തിയത്. അപകട സമയത്ത് ഡ്രൈവർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇയാള്‍ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
മ്യൂസിയം ഭാഗത്ത് നിന്ന് സിഗ്നൽ കടന്ന് കവടിയാർ ഭാഗത്തേക്ക് തിരിയുന്ന സ്ഥലത്ത് എത്തിയപ്പോഴാണ് കാറിന്റെ മുൻഭാഗത്ത് തീ ഉയർന്നത്. പിന്നാലെ കാർ നിർത്തി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. അധികം വൈകാതെ തീ ആളിക്കത്തി. വാഹനം ഏറെക്കുറെ പൂർണമായും കത്തി നശിച്ചു. പട്ടം സെക്യൂരിറ്റി വിങ്ങിലെ സൈലോ വാഹനമാണ് കത്തിയത്. ചെങ്കൽ ചൂള ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.