സംഭരിച്ച നെല്ലിന്റെ പണം നൽകാതിരുന്നതിനെ തുടർന്ന് കർഷകർ നാട്ടിൽ ആത്മഹത്യ ചെയ്യുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും വീണ്ടും ലോകം ചുറ്റാൻ പോകുന്നത് ധൂർത്തും അഴിമതിയുമാണെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. നികുതിപോലും പിരിച്ചെടുക്കാ തെയും നികുതിയിതര വരുമാനം കണ്ടെത്തി സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മാർഗങ്ങൾ സ്വീകരിക്കാതെയും മുഖ്യമന്ത്രിയും സംഘവും വിദേശയാത്രകൾ നടത്തി ഉല്ലസിക്കുന്നത് കേരള ജനതയോടുള്ള വെല്ലുവിളിയാണ്.
ലോക കേരളസഭയുടെ പേരിൽ നടക്കുന്നത് വൻകൊള്ളയും പണപ്പിരിവുമാണ്. അമേരിക്കയിൽ സംഘടിപ്പിച്ച ലോകകേരള സഭയുടെ പേരിൽ വൻതോതിലാണ് പ്രവാസികളെ സിപിഎം കൊള്ളയടിച്ചത്. ഇതിന് പിന്നാലെയാണ് സൗദിയിൽ സമ്മേളനം സംഘടിപ്പിക്കുന്നത്. പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം നടത്തിയ ലോക കേരള സഭകൾ കൊണ്ട് പ്രവാസികളുടെ ഏതെങ്കിലും പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കഴിഞ്ഞോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
സൗദിയിലേക്കുള്ള യാത്ര ചെലവിനും മറ്റുമായി ഇതിനോടകം രണ്ട് കോടി ഖജനാവിൽനിന്ന് അനുവദിച്ചിട്ടുണ്ട്. മുമ്പു നടന്ന യാത്രകളുടെ കണക്കോ, പിരിച്ച തുകയുടെ കണക്കോ ആർക്കും അറിയില്ല. ഇവ അടിയന്തരമായി ജനങ്ങളുടെ മുമ്പിൽ വയ്ക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
ക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ളവയും വികസന പ്രവർത്തനങ്ങളും മുടങ്ങാതെ ഇരിക്കാൻ കടമെടുക്കേണ്ട ഗതികെട്ട അവസ്ഥയിലാണ് കേരളം. സംസ്ഥാനം തന്നെ വിറ്റാൽപോലും അടച്ച് തീർക്കാൻ കഴിയാത്തത്ര കടബാധ്യതയുണ്ട്. പിറന്നു വീഴുന്ന കുഞ്ഞിനെപ്പോലും കടക്കാരാനാക്കിയ പിണറായി ഭരണം കഴിയുമ്പോൾ കേരള സംസ്ഥാനം തന്നെ ഉണ്ടാകുമോയെന്ന് സംശയമാണ്. എന്നിട്ടാണ് മുഖ്യമന്ത്രിയും പരിവാരങ്ങളും പ്രവാസി സമൂഹത്തിന് ഒരു ഗുണവുമില്ലാത്ത വിദേശയാത്രകൾ സംഘടിപ്പിക്കുന്നതെന്നും കെ.സുധാകരൻ കുറ്റപ്പെടുത്തി.

