ലഹരി മാഫിയാ സംഘവുമായി ബന്ധം ; പൊലീസുകാരന് സസ്പെൻഷൻ

കോഴിക്കോട്: മയക്കുമരുന്ന് മാഫിയാ സംഘവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പൊലീസുകാരന് സസ്പെൻഷൻ. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ രജിലേഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. താമരശേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി സംഘത്തിലുള്ളവരുമായുള്ള രജിലേഷിന്റെ ഫോട്ടോകൾ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി.താമരശേരി ഡിവൈഎസ്പി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രജിലേഷിനെ സസ്‌പെന്റ് ചെയ്തത്.

താമരശേരി അമ്പലമുക്കിൽ ലഹരി മാഫിയ ക്യാമ്പ് നടത്തിയ സ്ഥലത്തിന്റെ ഉടമ അയ്യൂബിനൊപ്പം രജിലേഷ് നിൽക്കുന്ന ഫോട്ടോകളാണ് ആദ്യം പുറത്ത് വന്നത്. പിന്നാലെ താമരശേരി പോസ്റ്റ് ഓഫീസിന് സമീപം ലഹരി വിൽപ്പന നടത്തിയ കേസിൽ അറസ്റ്റിലായ പ്രതി അതുലിനൊപ്പം നിൽക്കുന്ന ചിത്രങ്ങളും. തുടർന്ന് സ്‌പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ ഇവർ തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തി.

കഴിഞ്ഞ ദിവസമാണ് കൂരിമുണ്ടയിൽ മൻസൂറിന്റെ വീട് അയൂബിന്റെ നേതൃത്വത്തിൽ തല്ലി തകർക്കുകയും ഒരാളെ വെട്ടിപ്പരിക്കേൽപ്പികുകയും ചെയ്തത്. ഇത് അന്വേഷിക്കാനെത്തിയ പൊലീസിനെയും ആക്രമിച്ചു. ഈ സംഭവത്തിൽ ഇതുവരെ 10 പേർ പിടിയിലായിട്ടുണ്ട്. ഇതേ കേസിൽ പിടിയിലായ ദീപുവിന്റെ വീട്ടിൽ വച്ചെടുത്ത അയൂബിന്റെയും രജിലേഷിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. രജിലേഷ് ഇടക്കാലത്ത് താമരശേരി സ്റ്റേഷനിലും ജോലി ചെയ്തിട്ടുണ്ട്. നിലവിൽ ഏറെ നാളായി ഇയാൾ ജോലിക്കെത്തുന്നുമില്ല. ഇക്കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. മയക്കുമരുന്നു മാഫിയാ സംഘങ്ങളുമായി താമരശേരി സ്റ്റേഷനിലെ ചില പൊലീസുകാർക്ക് അടുത്ത ബന്ധമുണ്ടെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. ഈ ആരോപണം അത് തെളിയിക്കുന്നതാണ് പുറത്തു വന്ന ഫോട്ടോകൾ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →