ഇല്ലാത്ത പച്ചക്കള്ളങ്ങൾ പറഞ്ഞ് സമൂഹത്തിൽ എന്നെ ആക്ഷേപിക്കാൻ നോക്കണ്ട : മന്ത്രി ആന്റണി രാജു

മന്ത്രിസ്ഥാനം കിട്ടാൻ ആന്റണി രാജു ലത്തീൻ സഭയുടെ സഹായം തേടിയതായാണ് ഫാദർ യൂജിൻ പെരേരയുടെ വെളിപ്പെടുത്തൽ.
രണ്ടര വർഷത്തിന് പകരം അഞ്ച് വർഷവും മന്ത്രിസ്ഥാനം കിട്ടാൻ സഭയെ കൊണ്ട് ശുപാർശ ചെയ്യിക്കാൻ സമീപിച്ചു. ഇത് നിഷേധിക്കാൻ ആന്റണി രാജുവിന് കഴിയുമോ എന്നും യൂജിൻ പെരേര വെല്ലുവിളിച്ചു. താൻ ലത്തീൻ സഭയുടെ മാത്രം മന്ത്രിയല്ല എന്ന ആന്റണി രാജുവിന്റെ പ്രതികരണത്തോടായിരുന്നു ഫാദർ യൂജിൻ പെരേരയുടെ പ്രതികരണം. ‘നില്ക്കുന്ന നിലയ്ക്ക് കണ്ടം ചാടുന്ന ആളാണ് ആന്റണി രാജു. 5 വർഷത്തേക്കുമുള്ള മന്ത്രി സ്ഥാനത്തിന് ഓശാരം പറയിക്കാൻ എന്നെ നേരിട്ട് വന്ന് കണ്ടയാളാണ് അദ്ദേഹം. ഒന്നല്ല പലതവണ കണ്ടിട്ടുണ്ട്’. യൂജിൻ പെരേര വെളിപ്പെടുത്തി.

ഫാ. യൂജിൻ പെരേരയുടെ ആരോപണങ്ങളിൽ മന്ത്രി ആന്റണി രാജു പ്രതികരിച്ചു. മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് താൻ അദ്ദേഹത്തെ സമീപിച്ചെങ്കിൽ അത് തെളിയിക്കട്ടെ. യൂജിൻ പെരേര എൽഡിഎഫിന്റെ കൺവീനറോ മുഖ്യമന്ത്രിയോ ആണോ എന്നും തന്നെ മന്ത്രിയാക്കുന്നത് അദ്ദേഹമാണോ എന്നും ആന്റണി രാജു ചോദിച്ചു. ഇല്ലാത്ത പച്ചക്കള്ളങ്ങൾ പറഞ്ഞ് സമൂഹത്തിൽ എന്നെ ആക്ഷേപിക്കാൻ നോക്കണ്ടെന്നും അദ്ദേഹം പറഞ്ഞു.

അത്തരം ആളുകളുടെ ഔദാര്യത്തിലല്ല താൻ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. അവരുടെ ഔദാര്യവും വേണ്ട. അതൊക്കെ അവരുടെ പാരമ്പര്യമാണ്. സ്വന്തം പ്രയത്‌നത്തിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നയാളാണ് താൻ. ഇതൊക്കെ അവസാനിപ്പിക്കുന്നതാണ് അദ്ദേഹത്തെ പോലുള്ളവർക്ക് നല്ലത്. എനിക്ക് രണ്ടര വർഷമാണ് മന്ത്രിസ്ഥാനം എന്നാണ് പറഞ്ഞിരിക്കുന്നത്. പിന്നെ അത് അഞ്ചുവർഷമായി ആഗ്രഹിക്കേണ്ട കാര്യമില്ല’. ആന്റണി രാജു വ്യക്തമാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →