സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലെ നിപ ചികിത്സാ ചെലവ് വ്യക്തികൾ വഹിക്കേണ്ടതില്ലെന്ന് തീരുമാനം. ചികിത്സാ ധനസഹായം സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. നിപ ബാധിച്ച 9 വയസുകാരന്റെ ചികിത്സാ ചെലവിനായി ബുദ്ധിമുട്ടുന്ന കുടുംബത്തിന്റെ അവസ്ഥ ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് തീരുമാനം
അതേസമയം കോഴിക്കോട് ജില്ലയിൽ പുതുതായി നടത്തിയ എല്ലാ നിപ പരിശോധനയും നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. അഞ്ചുപേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1192 പേരാണ് ഇതുവരെ ആകെ ട്രെയ്സ് ചെയ്ത സമ്പർക്കപ്പട്ടികയിലുള്ളത്. ഇതിൽ 97 പേരെ ഇന്ന് ട്രെയ്സ് ചെയ്തു. ജില്ലയിൽ നിപ നിയന്ത്രണവിധേയമാണെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു.
രോഗം സ്ഥിരീകരിച്ച ആദ്യത്തെ ആളിൽ നിന്ന് ഔട്ട്ബ്രേക്ക് ഉണ്ടായത്. അയച്ച സാമ്പിളുകളിൽ നിന്ന് കൂടുതൽ പരിശോധനാ ഫലങ്ങൾ പുറത്തുവരാനുണ്ട്. നിപയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം നടത്തിയവർക്കെതിരെ പൊലീസ് കേസെടുത്തു. നിപ പ്രോട്ടോക്കോൾ അനുസരിച്ച് പോസിറ്റീവ് ആയവർക്ക് മരുന്ന് നൽകുന്നുണ്ട്. ആന്റിബോഡി ഇപ്പോൾ കൊടുക്കേണ്ടതില്ല. ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് മന്ത്രി വ്യക്തമാക്കി.

