റായ്പുർ: ഇന്ത്യയുടെ പേര് ഭാരത് എന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ബി.ജെ.പിക്കെതിരെ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. രാജ്യത്തിന്റെ പേര് മാറ്റാൻ ബി.ജെ.പിക്ക് ധൈര്യമുണ്ടോയെന്ന് കെജ്രിവാൾ വെല്ലുവിളിച്ചു. 2023 സെപ്തംബർ 16 ന് ഛത്തീസ്ഗഢിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
ബിജെപി സർക്കാർ കഴിഞ്ഞ വർഷം വരെ ഇന്ത്യ എന്ന പേരിൽ നിരവധി പദ്ധതികളുമായി മുന്നോട്ട് വന്നു. എന്നാൽ പ്രതിപക്ഷം ഇന്ത്യ എന്ന പേരിൽ സഖ്യം രൂപീകരിച്ചതോടെ അവർ രാജ്യത്തിന്റെ പേര് മാറ്റാൻ ആവശ്യപ്പെടുകയാണെന്നും കെജ്രിവാൾ വിമർശിച്ചു…….
‘ഇന്ത്യ നിങ്ങളുടെ പിതാവിന്റെ വകയാണോ?. രാജ്യം 140 കോടി ജനങ്ങളുടേതാണ്. ഇന്ത്യയും ഭാരതവും ഹിന്ദുസ്ഥാനും ജീവിക്കുന്നത് നമ്മുടെ ഹൃദയത്തിലാണ്. രാജ്യത്തിന്റെ പേരുമാറ്റാനുള്ള ധെെര്യം ബി.ജെ.പിക്കുണ്ടോ എന്ന് വെല്ലുവിളിക്കുന്നു’- കെജ്രിവാൾ പറഞ്ഞു. വരുന്ന പാർലമെന്റ് സമ്മേളനത്തിൽ ഇന്ത്യയെ ഭാരത് എന്ന് പുനർനാമകരണം ചെയ്യാനുള്ള ബിൽ കേന്ദ്രസർക്കാർ കൊണ്ടുവന്നേക്കുമെന്ന രീതിയിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് കെജ്രിവാളിന്റെ പരാമർശം. രാജ്യത്തിന്റെ പേര് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിരുന്നു.

