ഇന്ന് കരുവാരക്കുണ്ട് എന്ന പ്രദേശം ഉത്തര കേരളത്തിലെ ഒരു തീര്‍ത്തും അപ്രശസ്തമായ ഒരു മേഖലയാണ്. സമീപപ്രദേശങ്ങളില്‍ ‘കുണ്ട്’ എന്ന ശബ്ദശകലം കൂട്ടിച്ചേര്‍ക്കപ്പെട്ട അനേകം പ്രദേശങ്ങള്‍ വേറെയുമുണ്ട്. ഇന്ന് ഏവരും മറന്ന ഒരു പ്രദേശമാണെങ്കിലും കരുവാരക്കുണ്ടിന് സഹസ്രാബ്ദങ്ങളുടെ ചരിത്രമുണ്ട്. ഭൂമിയിലെ ആദ്യ വ്യാവസായിക ഉരുക്കു നിര്‍മ്മാണ കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ഈ പ്രദേശം.
പുരാതന ചേരസാമ്രാജ്യത്തിന്റെ ശക്തി കേന്ദ്രമായിരുന്നു ഇപ്പോള്‍ തമിഴ്‌നാട്ടിലുള്ള കരൂര്‍. ഇന്നും ചെറുകിട ഉരുക്ക് വ്യവസായത്തിന്റെ കേന്ദ്രമാണ് കരൂര്‍. ‘കരു’ എന്നാല്‍ ഇരുമ്പയിര് എന്നാണര്‍ഥം, കരുവില്‍ നിന്ന് ഉരുക്ക് നിര്‍മ്മിക്കുന്നവരാണ് കരുവാന്‍മാര്‍. കൊല്ലപ്പണിക്കാരുടെ ഇടയിലെ ആയസ വിദഗ്ധരാണ് കരുവാന്‍മാര്‍. ഒരു പക്ഷെ ഇന്ത്യയിലെ ആദ്യ വ്യവസായികളാണ് ഈ ജനത.
ഇന്നേക്കും 3000-2500 വര്‍ഷം മുമ്പ് ഗുണമേന്‍മയുള്ള ഉരുക്ക് നിര്‍മ്മിച്ചിരുന്നത് ഇന്ത്യയില്‍ മാത്രമായിരുന്നു. അതില്‍ സിംഹഭാഗവും പേര്‍ഷ്യയിലേക്കും ഈജിപ്തിലേക്കും കയറ്റുമതി ചെയ്യപ്പെടുകയായിരുന്നു. ചില പ്രാചീന ചേരരാജാക്കന്‍മാരുടെ സ്ഥാനപ്പേര് തന്നെ ഇരുമ്പൊറെ എന്നായിരുന്നു.
ഗുണമേന്‍മയുള്ള ഇരുമ്പയിര് ദക്ഷിണ ഇന്ത്യയില്‍ ദുര്‍ലഭമായിരുന്നു. പക്ഷെ കരുവാന്‍മാര്‍ പശ്ചിമഘട്ട മേഖലയില്‍ വലിയ പര്യവേക്ഷണങ്ങള്‍ തന്നെ നടത്തി. അങ്ങനെ അവര്‍ കണ്ടെത്തിയ ഇരുമ്പയിര് ഘനികളില്‍ പ്രാധാന്യമറിയതാണ് ഇന്ന് കരുവാരക്കുണ്ട് എന്നിയപ്പെടുന്ന പ്രദേശം. സഹസ്രാബ്ദങ്ങളായി കരുവാന്‍മാര്‍ ഖനനം നടത്തിയ ഇരുമ്പയിരുഖനികളുടെ അവശിഷ്ടങ്ങള്‍ ഇന്നും അവിടെ ചിതറിക്കിടക്കുന്നുണ്ട്.
കരുവാന്‍മാര്‍ ആ പ്രദേശത്ത് വലിയ ഒരു ഉരുക്ക് നിര്‍മ്മാണ വ്യവസായും കെട്ടിപ്പടുത്തു. ഇവിടെനിന്ന് കയറ്റുമതി ചെയ്ത ഉരുക്ക് പശ്ചിമേഷ്യയില്‍ എത്തി ‘ഡമാസ്‌ക്കീന്‍’ എന്ന് റീബ്രാന്‍ഡ് ചെയ്ത് ലോകമാസകലം വിപണനം ചെയ്യപ്പെട്ടു. ചേകവന്‍മാരും പടയാളികളും, മാമാങ്കത്തറയിലെ ചാവേറുകളും കയ്യിലേന്തിയുന്ന വജ്രതുല്യമായ മൂര്‍ച്ചയുള്ള വാളുകളും ഉറുമികളും ചുരികകളും കരുവാരക്കുണ്ടിലെ കരുവാന്‍മാരുടെ ഉലകളില്‍ പിറവിയെടുത്തു.
ബിട്ടീഷ് അധിനിവേശം അവരുടെ പരമശത്രുക്കളായി കണ്ടത് ഇന്ത്യയിലെ ലോഹപ്പണിക്കാരെയാണ് 18-ാം നൂറ്റാണ്ടില്‍ തോക്കുകള്‍ നിര്‍മ്മിച്ചിരുന്ന കരുവാന്‍മാരെ ബ്രിട്ടീഷുകാര്‍ ഒരു വലിയ തന്ത്രപരമായ ഭീഷണി ആയി കരുതി. ലോഹപ്പണി ചെയ്തിരുന്ന ജനതകളെ ക്രിമിനല്‍ ജനതകളായി മുദ്രകുത്തി കൊന്നൊടുക്കി. കങ്കാണികളിലൂടെ സാങ്കേതിക വിദ്യകള്‍ ബ്രിട്ടണിലക്ക് കടത്തി പരിഷ്‌കരിച്ച് ബ്രിട്ടീഷ് ഉരുക്കാക്കി ഇന്ത്യയില്‍ എത്തിച്ച് വിറ്റ് കൂടുതല്‍ പണമുണ്ടാക്കി. ടാറ്റയെപ്പോലെയുള്ള വിനീത ദാസന്‍മാര്‍ ബ്രിട്ടീഷുകാരന്റെ ഇടവും വലവും നിന്ന് ഈ മഹാപാതകത്തിന് തുണയേകി.
സഹസ്രാബ്ദങ്ങള്‍ ഭൂമിയിലെ സാങ്കേതികവിദ്യയുടെ തിലകക്കുറിയായി നിലനിന്ന കരുവാരക്കുണ്ട് ഇന്ന് ആരുമറിയാതെ ഭൂപടങ്ങളില്‍ ഒരു ബിന്ദു മാത്രമായി നിലനില്‍ക്കുന്നു.