അമേഠി: ഉത്തര്‍പ്രദേശില്‍ അധ്യാപകന്റെ മര്‍ദനത്തെത്തുടര്‍ന്ന് വിദ്യാര്‍ഥിയുടെ കര്‍ണപടം പൊട്ടി. അമേഠിയിലെ സര്‍ക്കാര്‍ സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയെയാണ് അധ്യാപകന്‍ മര്‍ദിച്ചത്. അധ്യാപകനായ ശിവ്‌ലാല്‍ ജയ്സ്വാളിനെതിരെ കേസെടുത്തു. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസെടുത്തത്.
തന്റെ മകന്‍ അനിരുദ്ധിനെ ക്ലാസിനിടെ സംസാരിച്ചതിന് അധ്യാപകന്‍ മര്‍ദിക്കുകയായിരുന്നു എന്ന് കുട്ടിയുടെ അമ്മ റീന തിവാരി നല്‍കിയ പരാതിയില്‍ പറഞ്ഞു. ചെവിയില്‍ നിന്ന് രക്തം ഒലിച്ചിറങ്ങിയതിന് ശേഷവും അധ്യാപകന്‍ അനിരുദ്ധിനെ തല്ലുന്നത് തുടര്‍ന്നു. കുട്ടിയുടെ കേള്‍വിശക്തി നഷ്ടപ്പെടുന്നതിനും ചെവിയില്‍ അണുബാധക്കും കാരണമാകുന്ന തരത്തിലുമുള്ള മര്‍ദനമാണ് ഉണ്ടായത്.
അധ്യാപകനെതിരെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും തുടര്‍നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് പ്രിന്‍സിപ്പാള്‍, മറ്റ് അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ മൊഴിയെടുക്കുമെന്നും അമേഠി എസ്.എച്ച്.ഒ അരുണ്‍ കുമാര്‍ ദ്വിവേദി പറഞ്ഞു.