മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. 46 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടത്. കേസില്‍ ഗ്രോ വാസു കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
2016ല്‍ നിലമ്പൂരില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകരായ കുപ്പുസ്വാമി, അജിത എന്നിവര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് ഗ്രോ വാസു പ്രതിഷേധിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്തായിരുന്നു സംഭവം. ഗതാഗത തടസമുണ്ടാക്കി പ്രതിഷേധിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഗ്രോ വാസുവിനെതിരെ പൊലീസ് കേസെടുത്തത്. തുടര്‍ന്ന് ജൂലൈ 29ന് ഗ്രോ വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് പ്രതിഷേധം നടത്തിയതെന്നായിരുന്നു ഗ്രോ വാസു കോടതിയില്‍ വ്യക്തമാക്കിയത്. മുദ്രാവാക്യം വിളിച്ചെന്ന് സമ്മതിച്ച അദ്ദേഹം മുദ്രാവാക്യം വിളിച്ചതിന് ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും വ്യക്തമാക്കിയിരുന്നു. ഗ്രോ വാസുവിനെതിരായ നടപടിയില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.