വിമാനത്തിന് തകരാര്‍:ട്രൂഡോ ഇന്ത്യയില്‍ കുടുങ്ങിയത്രണ്ടുദിവസം, മടക്കയാത്ര ഇന്ന്

ന്യൂഡല്‍ഹി: വിമാനത്തിനു സാങ്കേതികത്തകരാര്‍ ഉണ്ടായതിനെത്തുടര്‍ന്ന്, ജി-20 ഉച്ചകോടിക്കെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയില്‍ കുടുങ്ങിയത് രണ്ട് ദിവസം.
പ്രധാനമന്ത്രിയെ തിരിച്ചുകൊണ്ടുപോകാന്‍ കനേഡിയന്‍ സൈന്യം മറ്റൊരു വിമാനം അയച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെ ട്രുഡോ യാത്രതിരിക്കും.
വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുന്നതിനുള്ള യന്ത്രഭാഗവും വിദഗ്ദ്ധരടങ്ങുന്ന സംഘത്തെയും ഇന്ത്യയിലേക്ക് അയച്ചതായി കനേഡിയന്‍ അധികൃതര്‍ അറിയിച്ചു. പ്രശ്നം പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ പ്രതിനിധിസംഘത്തെ പകരം അയക്കുന്ന വിമാനത്തിലാകും തിരിച്ചുകൊണ്ടുവരികയെന്നും അധികൃതര്‍ വ്യക്തമാക്കി.
ട്രൂഡോയും ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരുമടങ്ങുന്ന സംഘം ജി-20 ഉച്ചകോടിക്കു ശേഷം ഞായറാഴ്ച രാത്രി മടങ്ങേണ്ടതായിരുന്നു. എന്നാല്‍, ഡല്‍ഹി വിമാനത്താവളത്തില്‍ പ്രതിനിധി സംഘം കാത്തിരിക്കുന്നതിനിടെയാണ് വിമാനത്തിന് സാങ്കേതികത്തകരാറുണ്ടെന്ന അറിയിപ്പ് ലഭിച്ചത്. ഈ സമയത്ത് ട്രുഡോയും മകന്‍ സേവ്യറും വിമാനത്താവളത്തിലെത്തിയിരുന്നില്ല. അവര്‍ ഹോട്ടലില്‍ തുടരുകയായിരുന്നു. പിന്നീട് വിമാനത്താവളത്തിലെത്തിയ മറ്റു പ്രതിനിധി സംഘാംഗങ്ങളും ഹോട്ടലിലേക്കു മടങ്ങി.
ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍നിന്ന് പരസ്യ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നതിനുപിന്നാലെ യാത്രാതടസവും നേരിട്ടത് ട്രുഡോയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിട്ടുള്ളത്. ട്രൂഡോ ലോകരാജ്യങ്ങള്‍ക്കിടയില്‍ അപമാനിതനായെന്ന് കാനഡയിലെ പ്രതിപക്ഷവും മാധ്യമങ്ങളും പരിഹസിച്ചു.
സിഖ് വിഘടനവാദ ഗ്രൂപ്പുകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതിനാണ് കാനഡയ്ക്കെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശനം ഉന്നയിച്ചത്. കാനഡയില്‍ തീവ്രവാദ ഘടകങ്ങള്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനെക്കുറിച്ച് മോദി കടുത്ത ആശങ്കകള്‍ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ അസ്വാരസ്യം തുടരുന്ന സാഹചര്യത്തില്‍ മോദിയും ട്രൂഡോയും തമ്മില്‍ ഔപചാരിക ഉഭയകക്ഷി കൂടിക്കാഴ്ച നടന്നില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →