ന്യൂഡല്‍ഹി: ചന്ദ്രയാന്‍ മൂന്നിനും ആദിത്യ എല്‍ വണ്ണിനും ശേഷം മറ്റൊരു വന്‍ ദൗത്യത്തിനു പിന്നാലെ രാജ്യം. ആഴക്കടല്‍ വിഭവങ്ങളും ജൈവവൈവിധ്യ വിലയിരുത്തലും പഠിക്കാന്‍ സമുദ്രത്തിന്റെ 6,000 മീറ്റര്‍ അടിയിലേക്ക് മനുഷ്യരെ അയയ്ക്കാന്‍ ഇന്ത്യ പദ്ധതി തയ്യാറാക്കുന്നതായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. മൂന്ന് പേരെയാണ് ആഴക്കടലിലേക്ക് അയക്കുക. സമുദ്രയാന്‍ എന്നാണ് പദ്ധതിയുടെ പേര്. ആദ്യമായിട്ടാണ് മനുഷ്യരെ ഉള്‍ക്കൊള്ളുന്ന ആഴക്കടല്‍ ദൗത്യത്തിന് രാജ്യമൊരുങ്ങുന്നത്. ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയില്‍ വികസിപ്പിക്കുന്ന പ്രത്യേക അന്തര്‍വാഹിനി ‘മത്സ്യ 6000’ മന്ത്രി പരിശോധിച്ചു.
ആഴക്കടല്‍ വിഭവങ്ങളും ജൈവവൈവിധ്യവും പഠിക്കുന്നതിനായി കടലിനടിയിലേക്ക് ആറ് കിലോമീറ്റര്‍ ആഴത്തില്‍ മൂന്ന് പേരെ അയക്കാനാണ് ഇന്ത്യയുടെ ആദ്യത്തെ മഡീപ് ഓഷ്യന്‍ മിഷന്‍ ‘സമുദ്രയാന്‍’ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘നീല സമ്പദ്വ്യവസ്ഥ’ എന്ന പ്രഖ്യാപനത്തെ തുടര്‍ന്നാണ് പദ്ധതി. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയും തൊഴിലവസരങ്ങളും മെച്ചപ്പെടുത്താനും സമുദ്ര ആവാസവ്യവസ്ഥയുടെ സന്തുലനാവസ്ഥ നിലനിര്‍ത്താനും സമുദ്രവിഭവങ്ങളുടെ സുസ്ഥിരമായ വിനിയോഗം വിഭാവനം ചെയ്യാനുമാണ് പദ്ധതിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ‘മത്സ്യ 6000’ന്റെ ചിത്രങ്ങളും മന്ത്രി സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചു.
ദൗത്യം എപ്പോള്‍ നടക്കുമെന്ന് മന്ത്രി അറിയിച്ചില്ലെങ്കിലും 2024 ജനുവരിയില്‍ മത്സ്യ പുറപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2024 ആദ്യ പാദത്തില്‍ 00 മീറ്റര്‍ ആഴത്തില്‍ കടലില്‍ പരീക്ഷണം നടത്തുമെന്നും പിന്നീടായിരിക്കും പൂര്‍ണ തോതില്‍ യാത്ര തുടങ്ങുകയെന്നും എര്‍ത്ത് സയന്‍സ് മന്ത്രാലയം സെക്രട്ടറി എം. രവിചന്ദ്രന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 2026-ഓടെ മാത്രമേ ഈ ദൗത്യം പൂര്‍ത്തിയാകൂവെന്നും മാധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നു. ഓ?ഗസ്റ്റ് 21നാണ് ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാന്‍-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ വിജയകരമായി ഇറങ്ങിയത്. ചരിത്ര ദൗത്യത്തിന്റെ വിജയത്തിന് പിന്നാലെ സൂര്യപദ്ധതിയായ ആദിത്യ എല്‍-1 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. പിന്നാലെയാണ് സമുദ്രയാന്‍ പദ്ധതിയുടെ വിവരങ്ങള്‍ പുറത്തുവരുന്നത്.