തിരുവനന്തപുരം : സോളാർ വിഷയത്തിൽ പ്രതിപക്ഷം 2023 സെപ്തംബർ 11 ന് സഭയിൽ അവതരിപ്പിച്ച അടിയന്തരപ്രമേയം ബൂമറാങായി തിരിച്ചടിച്ചെന്ന് മന്ത്രി എം ബി രാജേഷ്. മുഖ്യമന്ത്രി പറഞ്ഞിട്ടും പ്രതിപക്ഷം അന്വേഷണ ആവശ്യം ഉന്നയിക്കാൻ തയാറായില്ലെന്നും എം ബി രാജേഷ് ആരോപിച്ചു. സോളാർ സംബന്ധിച്ച അടിയന്തരപ്രമേയം തിങ്കളാഴ്ച അവതരിപ്പിച്ചത് വിചിത്രമെന്നും എം ബി രാജേഷ് പറഞ്ഞു.
സോളാർ പീഡനത്തിലെ അതിജീവിതയെക്കാണാൻ ദല്ലാൾ നന്ദകുമാറിനെ ഇടനിലക്കാലനാക്കിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം മുഖ്യമന്ത്രി സഭയിൽ പൂർണമായും നിഷേധിച്ചിരുന്നു. സോളാർ കേസിൽ രാഷ്ട്രീയ താത്പര്യത്തോടെ ഇടപെട്ടിട്ടില്ല. പരാതിക്കാരിയിൽ നിന്ന് നേരിട്ട് പരാതി എഴുതി വാങ്ങിച്ചിട്ടില്ലെന്നും കിട്ടിയ പരാതിയിൽ നിയമനടപടി സ്വീകരിക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
ദല്ലാൾ നന്ദകുമാറിനെ പ്രതിപക്ഷത്തിനാണ് കൂടുതൽ പരിചയമെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. ദല്ലാൾ മറ്റ് പലയിടത്തും പോകുന്നുണ്ടാകും. പക്ഷേ ദല്ലാളിന് തന്റെയടുത്ത് വരാൻ കഴിയില്ല. ദല്ലാളിനെ മുറിയിൽ നിന്ന് ഇറക്കിവിട്ടയാളാണ് ഞാൻ. സതീശനല്ല വിജയനെന്നും മുഖ്യമന്ത്രി ആഞ്ഞടിക്കുകയായിരുന്നു

