വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയിൽ 10.8 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. പാലക്കാട് ആലത്തൂർ സ്വദേശി ഹക്കിമാണ് അറസ്റ്റിലായത്. ആന്ധ്രാപ്രദേശിൽ നിന്നു കൊണ്ടു വന്ന കഞ്ചാവാണ് വളാഞ്ചേരി ബസ് സ്റ്റാൻഡിൽ വച്ച് എക്‌സൈസ് പിടികൂടിയത്. എക്സൈസ് എൻഫോഴ്‌സ്മെന്റ് സ്‌പെഷ്യൽ സ്‌ക്വാഡും, മലപ്പുറം ജില്ലാ സ്പെഷ്യൽ സ്‌ക്വാഡും ചേർന്നാണ് ഇയാളെ പിടികൂടിയത്.
അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി അനിൽ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജികുമാർ വി.ആർ, എക്സൈസ് ഇൻസ്പെക്ടർമാരായ മുഹമ്മദ് അബ്ദുൽ സലീം, മുകേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ എസ്.ജി സുനിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് അലി, പി സുബിൻ, പ്രഭാകരൻ പള്ളത്ത് ഡ്രൈവർമാരായ നിസാർ, രാജീവ് എന്നിവർ പങ്കെടുത്തു.
അതേസമയം, ആലപ്പുഴ വഴിച്ചേരിയിൽ മൂന്നു കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസ് പ്രതികളായ അമ്പലപ്പുഴ പാതിരാപ്പള്ളി സ്വദേശി 25 വയസുള്ള പാണ്ടി എന്ന് വിളിക്കുന്ന അരുൺ ജോസഫ്, മുല്ലക്കൽ സ്വദേശി 26 വയസ്സുള്ള ചിന്നു കുട്ടൻ എന്ന് വിളിക്കുന്ന ഷിജോ എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ് സതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്

