കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 44കാരൻ അറസ്റ്റിലായി.

കൊച്ചി: ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് യുവാവിന്റെ മൊബൈൽ ഫോണും ലാപ്‌ടോപ്പും കൈക്കലാക്കി മുങ്ങിയെന്ന കേസിൽ ഒരാൾ അറസ്റ്റിൽ. കൊട്ടാരക്കര ചക്കവറക്കൽ പ്രീമിയർ കാഷ്യു ഫാക്ടറിക്കു സമീപം നെടിയാകാല വീട്ടിൽ അജി തോമസ് (44)ആണ് അറസ്റ്റിലായത്. മുളവുകാട് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം വല്ലാർപാടം പള്ളിക്ക് സമീപത്ത് വച്ചായിരുന്നു കേസിനാസ്പദമായ സംഭവം.

മരോട്ടിച്ചുവട് സ്വദേശിയായ യുവാവിനെ ബന്ധുവിന്റെ പരിചയക്കാരനാണെന്ന് പറഞ്ഞാണ് അജി തോമസ് ഫോണിൽ വിളിച്ചത്. തുടർന്ന് വെല്ലിങ്ടൺ ഐലാൻഡിലെ സ്വകാര്യ കമ്പനിയിൽ കോൺട്രാക്ട് എടുത്തിട്ടുണ്ടെന്നും അവിടെ വർക്ക് അറ്റ് ഹോം രീതിയിൽ ഡാറ്റാ എൻട്രി ജോലി ഒഴിവുണ്ടെന്നും അറിയിച്ചു. മാസം 30,000 രൂപ ശമ്പളമുണ്ടെന്നും വല്ലാർപാടം പള്ളിക്ക് സമീപത്ത് ലാപ്‌ടോപ്പ് സഹിതം വരാനും ആവശ്യപ്പെട്ടു. ഇത് വിശ്വസിച്ച യുവാവ് സ്ഥലത്തെത്തി. തുടർന്ന് കമ്പനിയിൽ പോയി സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്തിട്ട് അരമണിക്കൂറിനുള്ളിൽ വരാമെന്ന് വിശ്വസിപ്പിച്ച് ഫോൺ നമ്പറും കൊടുത്തിട്ട് അജി തോമസ് സ്ഥലത്ത് നിന്ന് പോയി.

ഏറെ സമയം കഴിഞ്ഞിട്ടും അജിയെ കാണാതായതോടെ യുവാവ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ കമ്പനിയിൽ ആണെന്നും സോഫ്റ്റ്വെയർ ഇൻസ്റ്റാളിങ് നടക്കുകയാണെന്നും പറഞ്ഞു. പിന്നീട് മൊബൈൽ സ്വിച്ച് ഓഫായ നിലയിലായിരുന്നെന്ന് പരാതിക്കാരനായ യുവാവ് പറഞ്ഞു. കബളിപ്പിക്കപ്പെട്ടെന്ന് അറിഞ്ഞതോടെ യുവാവ് മുളവുകാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് മൊബൈൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അങ്കമാലിയിൽ വച്ച് അജിയെ പിടികൂടിയത്. ഇയാളുടെ കൈവശത്ത് നിന്ന് പരാതിക്കാരന്റെ മൊബൈൽ ഫോൺ കണ്ടെടുത്തു. ലാപ്‌ടോപ്പ് കലൂരിലെ സ്ഥാപനത്തിൽ നിന്നും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

എറണാകുളം സെൻട്രൽ, എളമക്കര, കാലടി സ്റ്റേഷനുകളിൽ അജി തോമസിനെതിരെ വഞ്ചന കുറ്റത്തിന് കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. സമാന രീതിയിൽ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോയെന്നും അന്വേഷിച്ചു വരുകയാണെന്ന് പൊലീസ് വ്യക്തമാക്കി. മുളവുകാട് സി.ഐ മഞ്ജിത് ലാലിന്റെ നേതൃത്വത്തിൽ എസ്.ഐ സുനേഖ്, എ.എസ്.എ ശ്യംകുമാർ, പൊലീസുകാരായ അലോഷ്യസ്, അമൃതേഷ്, തോമസ് ജോർജ്, സിബിൽ ഭാസി, അരുൺ ജോഷി, തോമസ് പോൾ എന്നിവരാണ് അജിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →