അമരാവതി: ആന്ധ്ര മുന്‍ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച തെലുങ്ക് സൂപ്പര്‍ താരവും ജനസേന പാര്‍ട്ടി അധ്യക്ഷനുമായ പവന്‍ കല്യാണ്‍ കരുതല്‍ തടങ്കലില്‍.
അറസ്റ്റിനെ അപലപിച്ച പവന്‍ കല്യാണ്‍ നായിഡുവിനെ പിന്തുണയ്ക്കുന്നതിനായി വിജയവാഡയിലേക്ക് പോകുവാന്‍ ശ്രമിച്ചിരുന്നു. പവന്‍ കല്യാണിനൊപ്പം ജന സേന പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് നടേന്ദ്ല മനോഹറിനെയും കസ്റ്റഡിയില്‍ എടുത്തിരുന്നു.
വിജയവാഡയിലുള്ള ചന്ദ്രബാബുവിനെ കാണാന്‍ യാത്ര തിരച്ച പവന്‍ കല്യാണിന് പോലീസ് അനുമതി നിഷേധിച്ചു. എന്‍.ടി.ആര്‍ ജില്ലയില്‍ രണ്ട് തവണ അദ്ദേഹത്തിന്റെ വാഹനം പോലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് വാഹനത്തില്‍ നിന്നിറങ്ങി നടക്കുകയും റോഡില്‍ കിടന്ന് പ്രതിഷേധിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ, വിജയവാഡ വിമാനത്താവളത്തില്‍ പവന്‍ കല്യാണിന്റെ ചാര്‍ട്ടേഡ് വിമാനം ഇറക്കാന്‍ അനുമതി നല്‍കരുത് എന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നു. പവന്‍ കല്യാണിനെതിരേ കേസ് എടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ടി.ഡി.പിയുമായി പവന്‍ കല്യാണിന്റെ ജനസേന സഖ്യത്തിലാകുമെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ സജീവമായിരുന്നു.
നായിഡുവിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച പവന്‍ കല്യാണ്‍ കരുതല്‍ തടങ്കലില്‍
