മൊറോക്കോയിലുണ്ടായ ഭൂചലനത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 1,073 ആയി. ആറായിരത്തിലധികം പേർക്കാണ് ദുരന്തത്തിൽ പരുക്കേറ്റത്.മൊറോക്കൻ സ്‌റ്റേറ്റ് ടി വി ആണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. 2023 സെപ്തംബർ 8 വെളളിയാഴ്ച രാത്രിയാണ് റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.1 8.5 കിലോ മീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. രാത്രി 11:11 നുണ്ടായ ഭൂകമ്പം 20 സെക്കൻഡ് നീണ്ടുനിന്നു.
വിനോദസഞ്ചാരകേന്ദ്രമായ മരാകേച്ചിലും ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് സമീപമുള്ള അഞ്ച് പ്രവിശ്യകളിലുമായാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന എഴുന്നൂറിലധികം പേരുടെ നില ഗുരുതരമാണെന്ന് മൊറോക്കൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അൽ-ഹൗസ്, തരൂഡന്റ് പ്രവിശ്യകളിലാണ് നാശനഷ്ടങ്ങളുടെ പകുതിയും സംഭവിച്ചത്.
ആറ് പതിറ്റാണ്ടിനിടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണിത്. വടക്കേ ആഫ്രിക്കയിൽ ഭൂകമ്പങ്ങൾ താരതമ്യേന അപൂർവമാണെങ്കിലും, 1960-ൽ അഗാദിറിന് സമീപം റിക്ടർ സ്‌കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിട്ടുണ്ട്. അന്ന് ആയിരക്കണക്കിന് ആളുകൾ മരണപ്പെട്ടിരുന്നു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മൊറോക്കോയിലേക്ക് മെഡിക്കൽ സഹായങ്ങൾ ചെയ്യാൻ വ്യോമമേഖല തുറന്നുനൽകുമെന്ന് അൾജീരിയ പ്രഖ്യാപിച്ചു . കഴിഞ്ഞ വർഷം മൊറോക്കോയുമായി വിച്ഛേദിച്ച ബന്ധമാണ് അൾജീരിയ പുനഃസ്ഥാപിക്കുന്നത്.

