ആലുവയില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പാറശ്ശാല ചെങ്കല്‍ സ്വദേശി ക്രിസ്റ്റില്‍ രാജ് കൊടുംക്രിമിനലെന്ന് റിപ്പോര്‍ട്ട്. 2017-ല്‍ മാനസികവെല്ലുവിളി നേരിടുന്ന വയോധികയെ പീഡിപ്പിച്ച കേസിലും ഒട്ടേറെ മോഷണക്കേസിലും ഇയാള്‍ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്. പകല്‍മുഴുവന്‍ വീട്ടില്‍ തങ്ങുന്ന ഇയാള്‍ രാത്രിസമയത്ത് മാത്രമാണ് പുറത്തിറങ്ങാറുള്ളതെന്ന് ഇയാളുടെ സമീപവാസികളും പറയുന്നു
മൊബൈല്‍ഫോണ്‍ മോഷ്ടിക്കുന്നതാണ് സതീഷ് എന്ന ക്രിസ്റ്റില്‍രാജിന്റെ പതിവുപരിപാടി. 18 വയസ്സ് മുതല്‍ മോഷണത്തിനിറങ്ങിയ ഇയാളെ പോലീസ് നേരത്തെയും പിടികൂടിയിട്ടുണ്ട്. 2017-ല്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച കേസിലും ക്രിസ്റ്റില്‍ രാജ് പിടിയിലായെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങിയെന്നാണ് വിവരം.
നാട്ടിൽ ആരുമായും ചങ്ങാത്തമില്ല. വീട്ടുകാരുമായും അടുപ്പം കാണിക്കാറില്ല. ലഹരിമരുന്നിന് അടിമയാണെന്ന് നാട്ടുകാർ പറയുന്നു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോൾ വിലങ്ങൂരി രക്ഷപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്.