അഞ്ച് സംസ്ഥാനങ്ങളിലെ ആറ് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം

ന്യൂഡല്‍ഹി: കേരളം പുതുപ്പള്ളി ഫലത്തിനായി കാതുകൂര്‍പ്പിച്ചിരിക്കെ അഞ്ച് സംസ്ഥാനങ്ങളിലെ ആറ് നിയമസഭ മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പ് ഫലവും ഇന്നറിയാം.ത്രിപുരയില്‍ രണ്ട് ഇടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പു നടന്നത്. ഈ ഫലം ബി ജെ പിക്കും ഇന്ത്യസഖ്യത്തിനും ഒരുപോലെ നിര്‍ണായകമാണ്.
ത്രിപുരയില്‍ സി പി എം കോണ്‍ഗ്രസ് സഖ്യമാണ് ബി ജെ പിയെ നേരിട്ടത്. ഇതിനൊപ്പം തന്നെ ഉത്തര്‍പ്രദേശിലെ ഘോസിയിലെ ഉപതെരഞ്ഞെടുപ്പ് ഫലവും സുപ്രധാനമാണ്.
പുതുപ്പള്ളിക്കൊപ്പം ത്രിപുര, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ് , ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ആറ്ുനിയമസഭാ മണ്ഡലങ്ങളിലേക്കുമാണു വോട്ടെടുപ്പു നടന്നത്.
ത്രിപുരയിലെ ധന്‍പൂര്‍, ബോക്സാനഗര്‍ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നു എന്ന് ആരോപിച്ച് സി പി എം വോട്ടെണ്ണല്‍ ബഹിഷ്‌കരിച്ചിട്ടുണ്ട്.
കേന്ദ്ര മന്ത്രിയായ പ്രതിമ ഭൗമിക്ക് നിയമസഭാ അംഗത്വം രാജിവെച്ചതിനെ തുടര്‍ന്നാണ് ത്രിപുരയിലെ ധന്‍പ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. പ്രതിമ ഭൗമിക്കിനെതിരെ മത്സരിച്ച കൗശിക് ചന്ദയാണ് ഉപതെരഞ്ഞെടുപ്പിലും സി പി എമ്മിനായി പോരാട്ടത്തിനിറങ്ങിയത്.
സി പി എം എം എല്‍ എ ഷംസുല്‍ ഹഖ് അന്തരിച്ചതിനെ തുടര്‍ന്നാണ് ത്രിപുരയിലെ ബോക്സാനഗറില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇവിടെ ഷംസുല്‍ ഹഖിന്റെ മകന്‍ മിയാന്‍ ഹുസൈനാണ് സി പി എമ്മിനു വേണ്ടി മത്സരിച്ചത്.ബോക്സനഗറിലും ധന്‍പ്പൂരിലും സി പി എം സ്ഥാനാര്‍ഥികള്‍ക്ക് കോണ്‍ഗ്രസ് പിന്തുണയുണ്ടായിരുന്നു. നിലവില്‍ കേവല ഭൂരപക്ഷത്തേക്കാള്‍ ഒരു സീറ്റ് മാത്രം അധികമുള്ള ബി ജെ പിയെ സംബന്ധിച്ചടുത്തോളം ധന്‍പ്പൂരിലെയും ബോക്സാനഗറിലെയും വിധി അതി നിര്‍ണായകമാണ്.
ബോക്സാനഗറില്‍ തഫാജല്‍ ഹുസൈനാണ് ബി ജെ പിക്ക് വേണ്ടി പോരാട്ടത്തിനിറങ്ങിയത്. രണ്ട് സീറ്റിലും പരാജയപ്പെടുന്ന അവസ്ഥയുണ്ടായാല്‍ കേവല ഭൂരിപക്ഷത്തെ ബാധിക്കുമെന്നതിനാല്‍ ബി ജെ പി ഉപതിരഞ്ഞെടുപ്പ് ജീവന്‍മരണ പോരാട്ടമായിരുന്നു.
പശ്ചിമബംഗാളിലെ ദുപ്ഗുഡിയില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബി ജെ പിയും സി പി എം കോണ്‍ഗ്രസ് സഖ്യവും തമ്മില്‍ ത്രികോണ മത്സരമാണ് നടന്നത്. ബി ജെ പിയുടെ എം എല്‍ എ മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.
ഉത്തര്‍പ്രദേശിലെ ഘോസിയിലെ തെരഞ്ഞെടുപ്പ് ഫലത്തിന് ഏറെ പ്രാധാന്യമുണ്ട്. പ്രതിപക്ഷ ഇന്ത്യസഖ്യത്തിന്റെ യഥാര്‍ഥ കരുത്ത് മാറ്റുരയ്ക്കുന്ന മണ്ഡലമാണിത്.
സമാജ്വാദി പാര്‍ട്ടി എം എല്‍ എ ധാര സിങ് ചൗഹാന്‍ സ്ഥാനം രാജിവെച്ച് ബി ജെ പിയില്‍ ചേര്‍ന്നതാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കാരണമായത്. ഉപതെരഞ്ഞെടുപ്പില്‍ ധാര സിങ് ചൗഹാന്‍ ബി ജെ പി സ്ഥാനാര്‍ഥിയായപ്പോള്‍ ‘ഇന്ത്യ’ മുന്നണിയിലെ കോണ്‍ഗ്രസ്- ഇടത്- ആംആദ്മിപാര്‍ട്ടികളുടെ പിന്തുണയിലാണ് സമാജ്വാദി പാര്‍ട്ടി മത്സരിക്കുന്നത്.ജാര്‍ഖണ്ഡ് , ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ ഓരോ മണ്ഡലങ്ങളിലും ഇതോടൊപ്പം ഉപതിരഞ്ഞെടുപ്പു നടന്നു. ഇന്ത്യാ സഖ്യം രൂപപ്പെട്ടതിനു ശേഷമുള്ള തിരഞ്ഞെടുപ്പു ഫലങ്ങള്‍ ഭാവിയിലേക്കുള്ള ചൂണ്ടുപലകകളായിരിക്കും എന്നാണു വിലയിരുത്തല്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →