തൃശൂർ: യാത്രയ്ക്കിടെ പെട്ടന്നുള്ള ബ്രേക്ക് പിടിത്തതിൽ ബസിനുള്ളിൽ വീണ് പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയിൽ എത്തിക്കുവാൻ ജീവനക്കാർ തയാറായില്ലെന്ന് പരാതി. സംഭവത്തിൽ പരിക്കേറ്റയാൾ ചേലക്കര പോലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം വൈകിട്ട് പഴയന്നൂർ വെന്നൂർ സ്വദേശിയായ ശശിയും ഭാര്യയും തൃശൂരിൽനിന്നും തിരുവില്വാമലയിലേക്ക് ആദിത്യ എന്ന ബസിൽ യാത്രചെയ്യുന്ന തിനിടെയാണ് സംഭവം..അത്താണി എത്തുന്നതിനു മുമ്പായി മറ്റൊരു ബസിനെ മറികടക്കുന്നതിനിടെ എതിരെ വാഹനം വരുകയും ബസ് പെട്ടെന്ന് നിർത്തുകയും ചെയ്തതിനെ തുടർന്ന് ബസിന് പിന്നിലെ സീറ്റിൽ ഇരുന്നിരുന്ന ശശി മുന്നിലേക്ക് വീണ് ബസിലെ കമ്പിയിൽ ചെന്നിടിച്ചാണ് പരിക്കേറ്റത്
ബസ് യാത്രയ്ക്കിടെ സംഭവിച്ച അപകടമായിട്ടും ആശുപത്രിയിലേക്ക് എത്തിക്കാൻ ബസ് ജീവനക്കാർ വിസമ്മതിച്ചതായും ബസ് ഡ്രൈവർ തങ്ങളോട് മോശമായി പെരുമാറിയതായും തൃശ്ശൂർ സ്വദേശി ശശി ആരോപിച്ചു. ബസ് ആശുപത്രിയുടെ സീമപം എത്തിയപ്പോൾ അവിടെ നിർത്താൻ യാത്രക്കാർ ആവശ്യപ്പെട്ടിട്ടും ജീവനക്കാർ അതിനു തയാറായില്ല എന്നും യാത്രക്കാരൻ പറയുന്നു.കണ്ടക്ടർ ആവശ്യപ്പെട്ടിട്ടും ഡ്രൈവർ ആശുപത്രിക്ക് മുന്നിൽ തങ്ങളെ ഇറക്കാൻ സമ്മതിച്ചില്ല എന്നാണ് ഇവരുടെ പരാതി.
..പരിക്കേറ്റയാൾ ചേലക്കര താലൂക്ക് ആശുപത്രിയിലെത്തി ചികിത്സ തേടി. ഇയാളുടെ നെഞ്ചിലെ എല്ലിന് ചതവ് പറ്റുകയും കാലുകൾക്ക് മുറിവേൽക്കുകയും ചെയ്തിട്ടുണ്ട്. ആശുപത്രി അധികൃതർ പൊലീസിനെ അറിയിക്കുകയും തുടർന്ന് യാത്രക്കാരനായ ശശി പൊലീസിൽ പരാതി നൽകുകയും ചെയ്തു. സംഭവത്തിൽ ചേലക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.

