.താമരശ്ശേരിയിൽ ലഹരി മാഫിയയുടെ ആക്രമണം; ഒരാൾ പൊലീസ് കസ്റ്റഡിയിൽ

.താമരശ്ശേരിയിൽ ലഹരി മാഫിയയുടെ ആക്രമണം. സംഘം വീടിനു നേരെ കല്ലെറിഞ്ഞു. താമരശ്ശേരി അമ്പലമുക്ക് കൂരിമുണ്ട മൻസൂറിൻ്റെ (38) വീടിന് നേരെയാണ് ആക്രമണം നടന്നത്. ബഹളം കേട്ടെത്തിയ ഒരാൾക്ക് വെട്ടേറ്റു. ഇവർ വീടും കാറും തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. . പൊലീസിന് നേരെയും ലഹരിമാഫിയ കല്ലെറിഞ്ഞു. താമരശ്ശേരി അമ്പലമുക്ക് സ്വദേശി ഇർഷാദിനാണ് വെട്ടേറ്റത്. . 2023 സെപ്തംബർ 4 തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവത്തിന് തുടക്കം.സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിലായി.

. മൻസൂർ താമരശ്ശേരി പോലീസിൽ പരാതി നൽകി. മൻസൂറിന്റെ വീടിനോട് ചേർന്ന് അയൂബ് എന്ന ആൾ തന്റെ സ്ഥലത്ത് ടെന്റ് കെട്ടി മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും നടത്തുന്നു എന്നായിരുന്നു പരാതി. പരാതി നൽകിയതിന് പിന്നാലെ വൈകുന്നേരം അയൂബിന്റെ കൂട്ടാളികളായ കണ്ണൻ, ഫിറോസ് എന്നിവർ വടിവാളുമായി മൻസൂറിന്റെ വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. സ്ഥലത്തെത്തിയ താമരശ്ശേരി പോലീസിന്റെ ജീപ്പിന്റെ ചില്ലും സംഘം തകർത്തു.

വീട്ടിലുണ്ടായിരുന്ന മൻസൂർ, ഭാര്യ റിസ്വാന, മക്കളായ ഫാത്തിമ ജുമാന, യഹിയ, ആയിഷ നൂറ, അമീന എന്നിവരെയാണ് സംഘം ഭീഷണിപ്പെടുത്തിയത്. തുടർന്ന് വീട്ടുകാർ വാതിലടച്ച് അകത്ത് കയറി രക്ഷപ്പെടുകയായിരുന്നു. വീടിന്റെ ജനൽ ചില്ലുകളും സി.സി.ടി.വി. ക്യാമറയും വാഹനവും സംഘം അടിച്ച് തകർത്തു. നാട്ടുകാരും പോലീസും സ്ഥലത്തെത്തിയെങ്കിലും സംഘം ഭീഷണി തുടർന്നു. സംഘത്തിലെ ഒരാളെ പോലീസ് പിടികൂടി. താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മൻസൂർ തന്റെ വീട്ടിൽ സി.സി.ടി.വി സ്ഥാപിച്ചത് തങ്ങളെ കുടുക്കാനാണെന്ന് ആരോപിച്ചായിരുന്നു സംഘത്തിന്റെ വിളയാട്ടം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →