ഷർമിള കോൺഗ്രസ് പാളയത്തിലേക്ക്; വൈ എസ് ആർ തെലങ്കാന പാർട്ടി കോൺഗ്രസിൽ ലയിച്ചേക്കും

ന്യൂ ഡൽഹി: വൈ.എസ്. ഷർമിളയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ തെലങ്കാന പാർട്ടി കോൺഗ്രസിൽ ലയിക്കാനൊരുങ്ങുന്നു. ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രി വൈ. എസ്. രാജശേഖര റെഡ്ഡിയുടെ മകളും ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയുമാണ് ഷർമിള. സെപ്റ്റംബർ 17ന് ഹൈദരാബാദിൽ നടക്കുന്ന കോൺഗ്രസിന്‍റെ മെഗാറാലിയിൽ ലയനപ്രഖ്യാപനമുണ്ടായേക്കാം. കഴിഞ്ഞ വ്യാഴാഴ്ച ഷർമിള സോണിയാ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

കൂടിക്കാഴ്ചയെക്കുറിച്ച് വിശദീകരണം നൽകാൻ കോൺഗ്രസ് തയാറായില്ല. മാധ്യമങ്ങൾക്കു മുന്നിൽ ഷർമിള തന്നെ കാരണം വെളിപ്പെടുത്തുമെന്നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കിയത്. തെലങ്കാന ദേശീയോദ്ഗ്രഥന ദിവസമായ സെപ്റ്റംബർ 17ന് ഹൈദരാബാദിൽ നടക്കുന്ന കോൺഗ്രസ് മെഗാറാലിയിൽ ഷർമിള പങ്കെടുക്കുമെന്നും വേണു ഗോപാൽ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനു തയാറാകുന്ന തെലങ്കാനയ്ക്ക് വൈഎസ്ആർ തെലങ്കാന പാർട്ടിയുമായുള്ള ബന്ധം ഗുണം ചെയ്യും.അടുത്തിടെ കർണാടകയിൽ കോൺഗ്രസ് വൻ വിജയം നേടിയപ്പോൾ ഡി.കെ. ശിവകുമാറിനെ നേരിട്ട് കണ്ട് ഷർമിള അഭിനന്ദനം അറിയിച്ചിരുന്നു. അന്നു മുതലേ ഷർമിളയുടെ കോൺഗ്രസ് പ്രവേശനവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →