.പുതുപ്പള്ളി : യുഡിഎഫിന്റെ പുതുപ്പള്ളിയിലെ പൊതുസമ്മേളത്തിൽ ‘സ്റ്റാർ’ ആയിരുന്നത് മാത്യു കുഴൽനാടൻ എംഎൽഎ. സത്യത്തിൽനിന്നു പിന്നോട്ടുപോകാൻ കടുകുമണിയോളം പോലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് മാത്യു കുഴൽനാടൻ പുതുപ്പളളിയിൽ പറഞ്ഞു. ‘‘മുഖ്യമന്ത്രിയുടെ ശൈലി നിങ്ങൾ കണ്ടിട്ടില്ലേ, രീതി നിങ്ങൾ കണ്ടിട്ടില്ലേ. അദ്ദേഹത്തിന് ഇഷ്ടമല്ലാത്തത് ആരെങ്കിലും സംസാരിക്കാൻ എഴുന്നേറ്റാൽ ക്രൗര്യഭാവത്തോടു കൂടി അദ്ദേഹം എഴുന്നേൽക്കുകയാണ്. എന്നെ ജനം തിരഞ്ഞെടുത്ത് അയച്ചത് പറയാനുള്ളത് പറയാനാണ്. അതുകൊണ്ട് ഞാൻ അദ്ദേഹത്തിന്റെ ശൗര്യഭാവത്തെ വകവയ്ക്കാൻ തയാറായില്ല. ഞാൻ പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാട്ടാം. പക്ഷേ, സത്യമാണ് പറഞ്ഞതെങ്കിൽ അതിൽനിന്നു പിന്നോട്ടു പോകാൻ പിണറായി വിജയനല്ല, ഏതു നേതാവ് എത്രമേൽ കൊമ്പിളക്കി വന്നാലും കടുകുമണിയോളം വിട്ടുവീഴ്ച ചെയ്യില്ല എന്നു പറഞ്ഞിട്ടുണ്ട്.’’– മാത്യു കുഴൽനാടൻ പറഞ്ഞു..
മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി പ്രസംഗിക്കുന്നതിനിടെയാണ് മാത്യു കുഴൽനാടൻ വേദിയിലേക്ക വന്നത്. നിറഞ്ഞ കയ്യടികളോടെയാണ് കുഴൽനാടനെ സദസ്സ് വരവേറ്റത്. വേദിയിൽ മറ്റു നേതാക്കൾക്കൊപ്പം ഇരുന്ന കുഴൽനാടനെ ഒരു പ്രവർത്തകനെത്തി പൂമാല അണിയിച്ചു. ശേഷം സംസാരിക്കാനെത്തിയ കുഴൽനാടന് വീണ്ടും നിറഞ്ഞ കയ്യടി. പ്രസംഗിക്കാനായി മൈക്കിനടുത്തേക്ക് പോകുന്നതിനിടെ മറ്റൊരു പ്രവർത്തകനെത്തി ഷാൾ അണിയിച്ചു.

