ആലപ്പുഴ: മാവേലിക്കരയിൽ നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ പ്രതി പോലീസ് പിടിയിൽ. വീട്ടുമുറ്റത്ത് നിന്നും തഴക്കര കല്ലിന്മേൽ വരിക്കോലയ്യത്ത് ഏബനസർ വില്ലയിൽ ഫെബിന്റെയും ജീനയുടെയും മകൾ ഇവാ ഫെബിനെയാണ് ഉത്തർപ്രദേശ് സ്വദേശി മനീത് സിങ്(30) തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. വെള്ളിയാഴ്ച രാവിലെ നടന്ന സംഭവത്തിൽ പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
ഇവായും സഹോദരൻ ഡെനിൽ ഫെബിനും (എട്ട്) വീട്ടുമുറ്റത്തു പൂക്കളം ഇട്ടു കളിക്കുകയായിരുന്നു. ഡെനിൽ പൂക്കൾ ശേഖരിക്കാനായി സൈക്കിളിൽ സമീപത്തെ വീട്ടിലേക്കു പോയി. ഈ സമയത്താണു ടൈൽ വൃത്തിയാക്കുന്നതിനുള്ള ലായനി വിൽക്കുന്നതിനായി മനീത് സിങ് എത്തിയത്. പരിസരത്ത് ആരുമില്ലായെന്നു കണ്ട ഇയാൾ ഇവയെ കഴുത്തിൽ കുത്തിപ്പിടിച്ചു പൊക്കിയെടുത്തു വീട്ടുമുറ്റത്തു ഉണ്ടായിരുന്ന ബുള്ളറ്റിന്റെ സൈലൻസറിൽ ഇരുത്തി.
പൂക്കളുമായി മടങ്ങിവരവെയാണു ഇവായെ എടുക്കുന്നതു ഡെനിൽ കണ്ടത്. ഉടനെ ഡെനിൽ നിലവിളിച്ചു. മനീത് കുട്ടിയെ ഉപേക്ഷിച്ചു സമീപത്തെ ഓട ചാടിക്കടന്നു രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ സമീപവാസികളും ഫെബിന്റെ സുഹൃത്തുക്കളും നടത്തിയ തിരച്ചിലിൽ മനീത് സിങ്ങിനെ കല്ലിന്മേലുള്ള മറ്റൊരു സ്ഥലത്തുനിന്നു കണ്ടെത്തി. പിടിയിലായ ആളിനെ വീട്ടിലെത്തിച്ചു കുട്ടികളെ കാണിച്ചു പ്രതി തന്നെയാണെന്ന് ഉറപ്പാക്കി. തുടർന്നു പൊലീസിൽ വിവരമറിയിച്ചു. മാവേലിക്കര പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു

