ലോകമെമ്പാടുമുള്ള നാളികേര മേഖലയുടെ സമഗ്രവികസനം ലക്ഷ്യമാക്കിക്കൊണ്ട് സെപ്റ്റംബര്‍ 2ാം തീയതി ലോകനാളികേരദിനമായി ആചരിക്കുന്നു. മനുഷ്യന് ഏറ്റവും ഉപയോഗപ്രദമായ തെങ്ങിന്റെ നന്മകളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക, അതുവഴി ഈ വിളയെ നട്ടുവളര്‍ത്താനും, സംരക്ഷിക്കാനും അവരെ പ്രേരിപ്പിക്കുക, അങ്ങനെ ഈ വിളയുടെ സമഗ്രവികസനം സാധ്യമാക്കുക എന്നതാണ് നാളികേരദിനാചരണത്തിന്റെ ലക്ഷ്യം.
ഒരു മുഖ്യ വിളയായി കൃഷി ചെയ്യുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള 20 രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച ഇന്റര്‍നാഷണല്‍ കോക്കനട്ട് കമ്മ്യൂണിറ്റി എന്ന സംഘടനയുടെ നിര്‍ദേശപ്രകാരമാണ് നാളികേരദിനം ആചരിക്കുന്നത്. 25 വര്‍ഷങ്ങള്‍ക്കു മുമ്പ്, 1988ല്‍ തേങ്ങയ്ക്കുണ്ടായ വന്‍ വിലയിടിവു കാരണം കര്‍ഷകര്‍ക്ക് വരുമാനം തീരെ കുറഞ്ഞ അവസ്ഥ സംജാതമായി. അതോടെ കര്‍ഷകര്‍ക്ക് തെങ്ങുകൃഷിയില്‍ താല്‍പര്യം ഇല്ലാതായി. ഇങ്ങനെ തെങ്ങുകൃഷിയും, അതിനോടു അനുബന്ധപ്പെട്ട വ്യവസായവും ഒരു പ്രതിസന്ധി നേരിടുന്ന അവസ്ഥയിലാണ്, ഈ വിളയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി അന്താരാഷ്ട്ര നാളികേരസമൂഹത്തിന്റെ സ്ഥാപകദിനമായ സെപ്റ്റംബര്‍ രണ്ടിന് ലോകനാളികേര ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. അതുപ്രകാരം കഴിഞ്ഞ 23 വര്‍ഷമായി നാളികേര ദിനമായി ആചരിക്കുന്നു. പ്രസ്തുത ദിനത്തില്‍ നാളികേരവുമായി ബന്ധപ്പെട്ട ഒരു കാലിക വിഷയം തിരഞ്ഞെടുത്ത് അതിന്റെ വിവിധ വശങ്ങളെക്കുറിച്ച് ലോകമെമ്പാടുമുള്ള നാളികേര സമൂഹം ചര്‍ച്ച ചെയ്യുന്നു.
1999ല്‍ ഒന്നാം നാളികേരദിനമാചരിച്ചപ്പോള്‍ ഐസിസി നല്‍കിയ സന്ദേശം ‘തെങ്ങു കൃഷി ചെയ്യണം, തേങ്ങാ ഭക്ഷിക്കണം, ഇളനീര്‍ കുടിക്കണം, തെങ്ങിനെ പരമാവധി ഉപയോഗിക്കണം എന്നായിരുന്നു. 24ാം നാളികേര ദിനത്തില്‍ ചര്‍ച്ച ചെയ്യാന്‍ ഐസിസി നല്‍കിയ സന്ദേശം ‘ശോഭനമായ ഭാവിക്കും ജീവിതത്തിനും വേണ്ടി തെങ്ങു കൃഷി’ എന്നാണ്. നമ്മുടെ നാട്ടിലെ നാളികേരക്കൃഷിയെ സംബന്ധിച്ചിടത്തോളം ഈ സന്ദേശങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. കാരണം കേരവൃക്ഷങ്ങളുടെ നാടായ കേരളത്തില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഉല്‍കണ്ഠ ഉളവാക്കുന്ന പ്രധാന പ്രശ്‌നം അനുദിനമെന്നോണം കുറഞ്ഞു വരുന്ന തെങ്ങുകളുടെ എണ്ണവും, തെങ്ങിന്‍ തോട്ടത്തിന്റെ വിസ്തൃതിയുമാണ്. കഴിഞ്ഞ 10 വര്‍ഷത്തെ കണക്കു പരിശോധിച്ചാല്‍ വിസ്തൃതിയില്‍ ഏകദേശം ഒരു ലക്ഷം ഹെക്ടറിന്റെ കുറവു വരുന്നതായി കാണാം. ഒരു ഹെക്ടറില്‍ ശരാശരി 175 തെങ്ങുകളെന്ന് കണക്കാക്കിയാല്‍ തന്നെ 175 ലക്ഷം തെങ്ങുകള്‍ വീട്ടു വളപ്പുകളില്‍ നിന്ന് നശിച്ചുപോയിരിക്കുന്നു. പ്രായാധിക്യം കൊണ്ടും, രോഗംബാധിച്ചും നശിച്ചു പോയ തെങ്ങുകള്‍ക്ക് പകരം നല്ല തൈകള്‍ നട്ടു വളര്‍ത്താന്‍ നാം വേണ്ടത്ര ശ്രദ്ധ കാണിക്കുന്നില്ല.
ഈ പ്രവണത തുടരാന്‍ പാടില്ല. നമ്മുടെ പൂര്‍വികര്‍ നമുക്ക് കൈമാറിയ കേരസമൃദ്ധവും സുന്ദരവുമായ പ്രകൃതിയെ അതുപോലെ വരും തലമുറയ്ക്ക് കൈമാറണമെങ്കില്‍ നശിച്ച തെങ്ങുകള്‍ക്കു പകരം പുതിയ തെങ്ങു നട്ടുവളര്‍ത്തിയേ മതിയാകൂ. കേരവൃക്ഷങ്ങളാല്‍ സുന്ദരമായിരുന്ന നമ്മുടെ ഗ്രാമപ്രദേശങ്ങളില്‍ പോലും ഇന്ന് അനുഭവപ്പെടുന്ന കൊടും ചൂടിന്റെ കാരണം വീട്ടുവളപ്പില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന തെങ്ങുകളാണ്. നാട്ടിന്‍പുറങ്ങളിലെ വീട്ടുവളപ്പുകളില്‍ കുടകള്‍ പോലെ നിന്ന് സൂര്യപ്രകാശവും അന്തരീക്ഷത്തില്‍ കൂടുതലുള്ള കാര്‍ബണ്‍ഡൈഓക്‌സൈഡും ആവാഹിച്ച് തെങ്ങു വളരുമ്പോള്‍ വീട്ടു വളപ്പിലെ ചൂട് നിയന്ത്രിക്കപ്പെടുന്ന കാര്യം നാം അറിയുന്നില്ല. കൂടാതെ ചൂട് കുറയുന്നതിനൊപ്പം ഈ വൃക്ഷങ്ങള്‍ നമുക്ക് ആവശ്യമായ പ്രാണവായു, ഓക്‌സിജന്‍ അന്തരീക്ഷത്തില്‍ തിരികെ നല്‍കുകയും ചെയ്യുന്നു. അതായത് പ്രകൃതിയെ ശുദ്ധീകരിച്ച് നമുക്ക് ആരോഗ്യത്തോടെ ജീവിക്കാന്‍ സാഹചര്യമൊരുക്കുന്ന ജോലിയും തെങ്ങു ചെയ്യുന്നു എന്ന് നാം അറിയുന്നില്ല.
നമ്മുടെ പൂര്‍വികര്‍ തെങ്ങിന്‍ തൈ നട്ടു വളര്‍ത്തുന്നതില്‍ കാണിച്ചിരുന്ന ഉത്സാഹം ഇന്നു കാണുന്നില്ല. ഓരോ പ്രദേശത്തേക്കും ആവശ്യമായ ഗുണമേ•യുള്ള തെങ്ങിന്‍ തൈയുടെ അഭാവമാണ് തെങ്ങു നട്ടുവളര്‍ത്തുന്നതില്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നം. അത്യുല്‍പാദനശേഷിയുള്ള പല ഇനങ്ങളും ഗവേഷണസ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും അവയുടെ സുലഭമായ ലഭ്യത ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ഏതാണ്ട് 36ലേറെ നെടിയതും കുറിയതും സങ്കര ഇനത്തില്‍പ്പെട്ടതുമായ തെങ്ങിന്‍ തൈകള്‍ വിവിധ ഗവേഷണ സ്ഥാപനങ്ങളില്‍ നിന്ന് പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ ഇവയുടെ ലഭ്യത വളരെ പരിമിതമാണ്.
ഓരോ പ്രദേശത്തേക്കും ആവശ്യമായ തെങ്ങിന്‍ തൈകള്‍ അതാത് പ്രദേശത്തു തന്നെ ഉല്‍പാദിപ്പിച്ചു വിതരണം ചെയ്യാന്‍ കര്‍ഷക പങ്കാളിത്തത്തോടൊപ്പം കമ്മ്യൂണിറ്റി നേഴ്‌സറികള്‍ നിലവില്‍ വരണം. കൂടാതെ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ ഉല്‍പാദിപ്പിക്കുന്ന തൈയുടെ എണ്ണം പരമാവധി വര്‍ധിപ്പിക്കണം. കൂടാതെ തൈ വയ്ക്കുന്നതിന് സര്‍ക്കാര്‍ നല്‍കി വരുന്ന സാമ്പത്തിക സഹായം വേഗത്തില്‍ ലഭ്യമാക്കുകയും വേണം. അത്യുല്‍പാദന ശേഷിയുള്ള സങ്കരയിനങ്ങള്‍ കര്‍ഷകര്‍ക്ക് ആവശ്യത്തിന് ലഭ്യമാക്കാന്‍ പരിമിതികള്‍ ഉള്ളതിനാല്‍ നടാനായി ഓരോ പ്രദേശത്തെയും പാരമ്പര്യഗുണമുള്ള നാടന്‍ നെടിയ ഇനങ്ങളുടെ തൈകള്‍ നടാനായി ഉപയോഗിക്കാം. ശരിയായ പരിചരണം നല്‍കിയാല്‍ ഇവ 5 വര്‍ഷം കൊണ്ട് കായ്ക്കുന്നതായും കൂടുതല്‍ വിളവ് തരുന്നതായും കാണുന്നുണ്ട്.
25ാം നാളികേരദിനമാചരിക്കുന്ന ഈ വേളയില്‍ നമുക്ക് സന്തോഷത്തിന് വക നല്‍കുന്ന ഒരു കാര്യം ഉല്‍പാദനക്ഷമതയില്‍ ഈ അടുത്തകാലത്തുണ്ടായ ഗണ്യമായ വര്‍ധനയാണ്. കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കേരളത്തിലെ ഉല്‍പാദനക്ഷമത മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഗണ്യമായവര്‍ധനയുണ്ടായിട്ടുണ്ട്. 200203ല്‍ ഒരു ഹെക്ടറില്‍ നിന്ന് 5866 തേങ്ങ കിട്ടിയിരുന്നത് 201112 ആയപ്പോഴേക്കും 7237 തേങ്ങയായി ഉയര്‍ന്നു. എന്നാല്‍ 202021 ലെ കണക്കനുസരിച്ച് 9169 തേങ്ങയായി കൂടി. അതായത് തെങ്ങൊന്നിന് 36 നാളികേരത്തില്‍നിന്ന് 57 നാളികേരമായി വര്‍ധിച്ചു. അതായത് ഒരു ഹെക്ടറില്‍ നിന്നുള്ള വര്‍ധന 1932 നാളികേരമാണ്. കഴിഞ്ഞ 10 വര്‍ഷത്തെ സഞ്ചിത വളര്‍ച്ച നിരക്ക് 26.7 ശതമാനമാണ്. ഇത് ആഭ്യന്തര വിപണിയില്‍ തേങ്ങയുടെ ലഭ്യത കൂടാന്‍ ഇടയാക്കി.
കേരകര്‍ഷകര്‍ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നം തേങ്ങയുടെ വന്‍ വിലയിടിവാണ്. ഒരുവര്‍ഷം മുന്‍പ്, ഒരു കിലോ പൊതിച്ച തേങ്ങയ്ക്ക് 50 രൂപ വരെ വില ഉയര്‍ന്നതാണ്. എന്നാല്‍ അത് കുറഞ്ഞ് 26 രൂപ വരെയെത്തി. ഏകദേശം 50 ശതമാനത്തോളം കുറവാണ് ആഭ്യന്തര വിപണിയില്‍ രേഖപ്പെടുത്തിയത്. ഇതിനു പ്രധാന കാരണം കൊപ്രയുടെയും, വെളിച്ചെണ്ണയുടെയും വിലയിടിവാണ്. ഉല്‍പന്നവൈവിദ്ധീകരണത്തില്‍ ചില ചെറിയ മാറ്റങ്ങള്‍ വന്നെങ്കിലും തേങ്ങയുടെ വില കൊപ്രയുടെയും വെളിച്ചെണ്ണയുടെയും വിലയെ ആശ്രയിച്ചു നില്‍ക്കുന്നു. വെളിച്ചെണ്ണയുടെ വില കിലോയ്ക്ക് 220 രൂപ വരെ ഉയര്‍ന്നത് കുറഞ്ഞ് 138 രൂപയില്‍ എത്തി നില്‍ക്കുന്നു. അതുപോലെ തന്നെ കൊപ്രയുടെ വിലയും ഗണ്യമായി കുറഞ്ഞു കിലോയ്ക്ക് 82 രൂപയില്‍ എത്തി. ഗവണ്‍മെന്റ് നിശ്ചയിച്ച താങ്ങുവിലയ്ക്ക് (105 രൂപ 50 പൈസ) കൊപ്ര സംഭരിക്കാന്‍ കര്‍ഷകര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും പല സാങ്കേതിക തടസ്സങ്ങള്‍ മൂലം സംഭരണം ഫലവത്തായി നടക്കുന്നില്ല. ഈ അവസരത്തില്‍ കര്‍ഷകരില്‍ നിന്നും പരമാവധി കൊപ്ര താങ്ങുവിലയ്ക്ക് സംഭരിക്കാന്‍ ഇതുമായി ബന്ധപ്പെട്ട ഏജന്‍സികള്‍ കൂടുതല്‍ ഊര്‍ജിതമാകേണ്ടിയിരിക്കുന്നു. കൂടാതെ തെങ്ങിന്റെ ഉല്‍പാദനക്ഷമത പരമാവധി കൂട്ടാനും, വിപണനസാധ്യതയുള്ള ഇടവിളകള്‍ കൃഷി ചെയ്യാനും തയാറാവണം. എങ്കില്‍ മാത്രമേ ഭാവിയില്‍ തെങ്ങു കൃഷി ലാഭകരമായി മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയൂ.
ഈ അവസരത്തില്‍ നമുക്ക് സന്തോഷത്തിന് വക നല്‍കുന്ന മറ്റൊരു ഗുണകരമായ മാറ്റം നാളികേര ഉല്‍പാദനങ്ങളുടെ കയറ്റുമതിയില്‍ രേഖപ്പെടുത്തിയ ഗണ്യമായ വര്‍ധനയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2021, 22) കയര്‍ ഉള്‍പ്പെട്ട നാളികേരഉല്‍പന്നങ്ങളുടെ കയറ്റുമതിയിലൂടെ 7000 കോടി രൂപ വിദേശനാണ്യം നേടി തന്ന് നമ്മുടെ രാജ്യത്തെ സമ്പന്നമാക്കുന്ന വിളയായി കൂടി തെങ്ങ് മാറിയിരിരിക്കുന്നു. അന്താരാഷ്ട്ര വിപണിയില്‍ വെളിച്ചെണ്ണയ്ക്കും, നാളികേരഉല്‍പന്ന വില വര്‍ധനയാണ് ഇതിന് സഹായകമായത്. ആഭ്യന്തരവിപണിയിലും അന്താരാഷ്ട്രവിപണിയിലും ഉണ്ടായിരുന്ന വലിയ വില വ്യത്യാസം വില്‍പന ഉയരാന്‍ കാരണമായി. ഇത് വരും കാലങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള നാളികേരത്തിന്റെയും വെളിച്ചെണ്ണയുടെയും മറ്റു നാളികേര ഉല്‍പന്നങ്ങളുടെയും കയറ്റുമതി സാധ്യത വര്‍ധിപ്പിക്കും. വെളിച്ചെണ്ണയുടെ അന്താരാഷ്ട്രവിലയും, ആഭ്യന്തരവിലയും തമ്മിലുള്ള അന്തരം കുറഞ്ഞു നില്‍ക്കുന്നതിനാല്‍ വെളിച്ചെണ്ണയില്‍ നിന്നുള്ള മൂല്യവര്‍ധിക ഉല്‍പന്നങ്ങളായ ഒളിയോ കെമിക്കല്‍സ് വ്യവസായിക അടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കാനുള്ള സാധ്യത പ്രയോജനപ്പെടുത്താവുന്നതാണ്. ഇതുവഴി വെളിച്ചെണ്ണയുടെ മൂല്യം ഇരട്ടി ആക്കാവുന്നതാണ്. ലോകത്തെ തെങ്ങുകൃഷി ചെയ്യുന്ന പ്രധാന രാജ്യങ്ങളായ ഫിലിപ്പീന്‍സും, മലേഷ്യയുമൊക്കെ ഇതിനകം വെളിച്ചെണ്ണയെ അടിസ്ഥാനമാക്കിയുള്ള ഒളിയോ കെമിക്കല്‍ പ്ലാന്റ് സ്ഥാപിച്ച് വിവിധ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിച്ചു വിതരണം നടത്തിവരുന്നു