ലണ്ടൻ: നടൻ ജോജു ജോർജിന്റെ പാസ്പോർട്ടും പണവും യു.കെയിൽ വെച്ച് മോഷണം പോയി. സംഭവത്തിൽ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഇടപെട്ടെന്നാണ് അറിയുന്നത്. ജോജു നായകനാകുന്ന പുതിയ ചിത്രം ‘ആന്റണി’യുടെ നിർമാതാവ് ഐൻസ്റ്റീൻ സാക്ക് പോളിന്റെയും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിജോ ജോസഫിന്റെയും പണവും പാസ്‌പോർട്ടുകളും നഷ്ടമായിട്ടുണ്ട്. ആകെ 15,000 പൗണ്ട് (ഏകദേശം 15 ലക്ഷം രൂപ) മോഷണം പോയെന്നാണ് വിവരം. പാർക്കിങ്ങിലുണ്ടായിരുന്ന കാറിൽനിന്നാണ് പണവും പാസ്പോർട്ടും ഷോപ്പിങ് സാധനങ്ങളും ലാപ്‌ടോപ്പുമെല്ലാം നഷ്ടമായത്.
ലണ്ടനിലെ ബിസ്റ്റർ വില്ലേജിലെ ഷോപ്പിങ്ങിനിടെയായിരുന്നു മോഷണം. പാർക്കിങ് കേന്ദ്രത്തിൽ വാഹനം നിർത്തി ഷോപ്പിങ്ങിന് പോയ ജോജുവും നിർമാതാക്കളും തിരികെയെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലാക്കിയത്. നടൻ ചെമ്പൻ വിനോദും നടി കല്യാണി പ്രിയദർശനും മറ്റൊരു കാറിൽ ഇവർക്കൊപ്പമുണ്ടായിരുന്നു. വില കൂടിയ ബ്രാൻഡഡ് ഉത്പന്നങ്ങൾ ലഭിക്കുന്ന ലണ്ടനിലെ ഇടങ്ങളിലൊന്നാണ് ബിസ്റ്റർ വില്ലേജ്. ഇന്ത്യൻ ഹൈക്കമ്മിഷൻ ഇടപെട്ട് ജോജുവിനും നിർമാതാക്കൾക്കും താൽക്കാലിക പാസ്‌പോർട്ട് നൽകി. സംഭവത്തിന് പിന്നാലെ ജോജുവും കല്യാണിയും നാട്ടിലേക്കു തിരിച്ചിട്ടുണ്ട്. ‘ആന്റണി’യുടെ പ്രമോഷന്റെ ഭാഗമായാണ് സംഘം യു.കെയിലെത്തിയത്.