ന്യൂഡല്‍ഹി: 2023 സെപ്റ്റംബര്‍ 21 മുതല്‍ ഒക്ടോബര്‍ ആറു വരെ ചൈനയിലെ ഗ്വാങ്ഷുവില്‍ നടക്കുന്ന 19-ാമത് ഏഷ്യന്‍ ഗെയിംസിനുള്ള 22 അംഗ ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീമിനെ ടീം ഹെഡ് കോച്ച് തോമസ് ഡെന്നര്‍ബി പ്രഖ്യാപിച്ചു.
ഫിഫ റാങ്കിംഗില്‍ 61-ാം സ്ഥാനത്തുള്ള ഇന്ത്യന്‍ വനിതാ ടീം, ഗ്രൂപ്പ് ബിയില്‍ ചൈനീസ് തായ്‌പേയ് (38-ാം റാങ്ക്), തായ്‌ലന്‍ഡ് (46-ാം റാങ്ക്) എന്നിവര്‍ക്കൊപ്പമാണ്.
17 ടീമുകളെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. എ, ബി, സി ഗ്രൂപ്പുകള്‍ക്ക് മൂന്ന് ടീമുകള്‍ വീതവും ഡി, ഇ ഗ്രൂപ്പുകള്‍ക്ക് നാല് ടീമുകളും വീതമുണ്ട്. അഞ്ച് ഗ്രൂപ്പ് ജേതാക്കളും മികച്ച മൂന്ന് രണ്ടാം സ്ഥാനക്കാരും ക്വാര്‍ട്ടര്‍ ഫൈനലിലേക്കു യോഗ്യത നേടും.
ഏഷ്യന്‍ ഗെയിംസിലെ വനിതാ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പ്രായപരിധിയില്ല. അതുകൊണ്ട് മുഴുവന്‍ ദേശീയ ടീമുകളും അവരുടെ മികച്ച ടീമുമായാകും ഇറങ്ങുക.
ടീം: ഗോള്‍കീപ്പര്‍മാര്‍: ശ്രേയ ഹൂഡ, സൗമ്യ നാരായണസ്വാമി, പാന്തോയ് ചാനു. പ്രതിരോധനിര: അശാലത ദേവി, സ്വീറ്റി ദേവി, റിതുറാണി, ഡാലിമ ചിബ്ബര്‍, അസ്തം ഒറയോണ്‍, സഞ്ജു, രഞ്ജന ചാനു. മധ്യനിര: സംഗിത ബസഫോര്‍, പ്രിയങ്ക ദേവി, ഇന്ദുമതി കതിരേശന്‍, അഞ്ജു തമാംഗ്, സൗമ്യ ഗുഗുലോത്ത്, ദാഗ്‌മെയ് ഗ്രേസ്. മുന്നേറ്റനിര: പ്യാരി സാസ, ജ്യോതി, രേണു, ബാല ദേവി, മനിഷ, സന്ധ്യ രംഗനാഥന്‍.