ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി വി.വി.എസ്. ലക്ഷ്മണ്. റിതുരാജ് ഗെയ്ക്വാദിന്റെ ക്യാപ്റ്റന്‍സിയില്‍ രണ്ടാംനിര ടീമിനെയാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസില്‍ അണിനിരത്തുക. മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ കീഴില്‍ ഇന്ത്യയുടെ പ്രധാന ടീം ഏകദിന ക്രിക്കറ്റ് ലോകകപ്പിനായുള്ള ഒരുക്കത്തിലാണ്. അതിനാലാണ് ഏഷ്യന്‍ ഗെയിംസിനുള്ള ടീമിന്റെ പരിശീലകചുമതല ലക്ഷ്മണിനെ ഏല്പിക്കുന്നത്. മുമ്പും ദ്രാവിഡിന്റെ അഭാവത്തില്‍ ലക്ഷ്മണ് ഇന്ത്യയെ പരിശീലിപ്പിച്ചിട്ടുണ്ട്.
ബൗളിംഗ് പരിശീലകനായി സായ്രാജ് ബഹുതുലെയും ഫീല്‍ഡിംഗ് കോച്ചായി മുനിഷ് ബാലിയും ഏഷ്യന്‍ ഗെയിംസ് ടീമിനൊപ്പമുണ്ടാകും.
ഏഷ്യന്‍ ഗെയിംസിലെ വനിതാ ക്രിക്കറ്റിന് ഇന്ത്യ പ്രധാന ടീമിനെ തന്നെ ഇറക്കും. ഹൃഷികേശ് കനിത്കര്‍ ഇടക്കാല മുഖ്യ പരിശീലകനായും റജിബ് ദത്തയും ശുഭദീപ് ഘോഷും യഥാക്രമം ബൗളിംഗ് പരിശീലകനായും ഫീല്‍ഡിംഗ് പരിശീലകനായും പ്രവര്‍ത്തിക്കും.