മോസ്‌കോ: കൂലിപ്പട്ടാളമായ വാഗ്‌നർ ഗ്രൂപ്പിന്റെ മേധാവി യെവ്ഗിനി പ്രിഗോഷിൻ മരിച്ചെന്നും ഇല്ലെന്നും പറയുന്നവർ ഏറെയാണ്. പ്രിഗോഷിൻ കൊല്ലപ്പെട്ടെന്ന് പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ ആവർത്തിച്ച് പറയുന്നു. വിമാനാപകടത്തിൽ നിന്ന് ലഭിച്ച മൃതദേഹങ്ങളിൽ നിന്ന് പ്രിഗോഷിന്റെ മൃതദേഹവും കണ്ടെത്തി. എന്നാൽ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതാണ് ദുരൂഹതകൾ വർധിപ്പിക്കുന്നത്.
മരിച്ചത് ആരെല്ലാമാണെന്ന് കണ്ടെത്തുന്നതിനായി ഡിഎൻഎ പരിശോധനകൾ ഉൾപ്പെടെയുള്ളവ പുരോഗമിക്കുകയാണ്. ശതകോടീശ്വര വ്യവസായിയായ പ്രിഗോഷിൻ, പുട്ടിന്റെ വിശ്വസ്തനായാണ് അറിയപ്പെട്ടിരുന്നത്. പുട്ടിനെതിരെ തിരിഞ്ഞതിനാൽ പ്രിഗോഷിനെ കൊലപ്പെടുത്തിയെന്ന് തന്നെയുള്ള ആരോപണമാണ് ശക്തം. അതേസമയം, വിമാനാപകടത്തിൽ യുക്രെയ്‌നിനു പങ്കില്ലെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി പറഞ്ഞു
വിമാന അപകടത്തിന് പിന്നാലെ ‘പ്രഗത്ഭനായ ബിസിനസുകാരനായിരുന്നു പ്രിഗോഷിൻ’ എന്ന് മാത്രമായിരുന്നു പുട്ടിന്റെ പ്രതികരണം. കൊല്ലപ്പെട്ടവരുടെ കുടുംബാങ്ങളെ അനുശോചനം അറിയിച്ച പുട്ടിൻ, എന്താണു സംഭവിച്ചതെന്ന് അന്വേഷിക്കുകയാണെന്നും സമയമെടുക്കുമെന്നുമാണ് ടിവി പ്രസംഗത്തിൽ പറഞ്ഞത്.
പ്രിഗോഷിൻ ഇല്ലാതായാൽ വാഗ്‌നർ ഗ്രൂപ്പ് അനാഥമാകുമെന്ന് റഷ്യ കരുതുന്നതായാണ് റിപ്പോർട്ട്. അനാഥത്വത്തിൽ ശക്തിക്ഷയിക്കുന്ന വാഗ്‌നറിനെ തങ്ങളുടെ ഇഷ്ട്ടത്തിനൊത്ത് ഉപയോഗിക്കാമെന്ന് റഷ്യ കണക്കുകൂട്ടിയതായാണ് വിലയിരുത്തലുകൾ. പ്രിഗോഷിന്റെയും വാഗ്‌നർ ഗ്രൂപ്പിന്റെയും നാശം യുക്രെയ്‌ൻ സൈന്യത്തിനും, യുക്രെയ്‌നിലെ റഷ്യൻ പ്രതിരോധ സേന ഉൾപ്പെടെയുള്ള ‘ശത്രുക്കളുടെ സേനയ്‍ക്കും’ ഉപകാരപ്പെടുമെന്നാണ് നിഗമനം.
വിമാന അപകടത്തിന് പിന്നിൽ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനാണെന്നാണ് റഷ്യൻ പൗരന്മാരും വിദേശ രാജ്യങ്ങളും സംശയിക്കുന്നത്. ഇതിനിടെ, ഉയരുന്ന ആരോപണങ്ങൾ കള്ളമാണെന്ന് വ്യക്തമാക്കി ക്രെംലിൻ രംഗത്തെത്തി. പ്രിഗോഷിന്റെ അപകടമരണത്തിലെ വസ്‌തുതകൾ പുറത്തുവരേണ്ടതുണ്ട്. ഇതു സംബന്ധിച്ചുള്ള അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്. ഇതിന് സമയമെടുക്കുമെന്നുമാണ് ക്രെംലിന്റെ മറുപടി.