വനിതാ റൊബോട്ട് വ്യോമമിത്രയും മലയാളി അഭിലാഷ് ടോമിയും: ഗഗന്‍യാന്‍ പദ്ധതിയെ കുറിച്ച് അറിയേണ്ടതെല്ലാം

മനുഷ്യനെ സ്വന്തം നിലയില്‍ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യന്‍ സ്വപ്നത്തിന് നാം നല്‍കിയിരിക്കുന്ന പേരാണ് ഗഗന്‍യാന്‍. ഈ സ്വപ്ന പദ്ധതിക്കായി ഐഎസ്ആര്‍ഒ കുറച്ചേറെ നാളുകളായി അഹോരാത്രം പണിയെടുക്കുന്നു.ചന്ദ്രയാന്‍-3 ദൗത്യവിജയത്തില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ട് ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യം ഒക്ടോബറില്‍ ആരംഭിക്കുകയാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വൈകിയ ഗഗന്‍യാന്‍ ദൗത്യം ഒക്ടോബറില്‍ പുനരാരംഭിക്കുമെന്നു കേന്ദ്ര ശാസ്ത്ര സാങ്കേതികമന്ത്രി ജിതേന്ദ്ര സിങ് ആണ് അറിയിച്ചത്. ഒക്ടോബര്‍ ആദ്യ ആഴ്ച പരീക്ഷണയാത്ര നടത്തും. രണ്ടാം ഘട്ടത്തില്‍ മുന്‍നിശ്ചയപ്രകാരം ഇന്ത്യയുടെ വനിതാ റൊബോട്ടായ വ്യോമമിത്രയെ ബഹിരാകാശത്തേക്ക് അയയ്ക്കുമെന്നും മന്ത്രി പറഞ്ഞു.
മനുഷ്യരെ ബഹിരാകാശത്തേക്കയ്ക്കാനുള്ള ഇന്ത്യയുടെ പദ്ധതിയാണു ഗഗന്‍യാന്‍. നിലവില്‍ നാസ(യു.എസ്), റോസ്‌കോസ്മോസ്(റഷ്യ), സി.എന്‍.എസ്.എ(ചൈന) എന്നീ രാജ്യങ്ങള്‍ക്കും സ്വകാര്യ ബഹിരാകാശ സ്ഥാപനമായ സ്പേസ് എക്സിനും മാത്രമാണു മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള സാങ്കേതികവിദ്യയുള്ളത്. ചില സ്വകാര്യ ബഹിരാകാശ ഏജന്‍സികള്‍ ബഹിരാകാശത്തേക്ക് മനുഷ്യരെ അയച്ചെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഭൂമിയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ ഗുരുത്വാകര്‍ഷണം പൂജ്യമായ അവസ്ഥയില്‍ എത്തിച്ചിട്ടു മടങ്ങുകയാണു ചെയ്യുക.
2006-ലാണു മനുഷ്യരെ ബഹിരാകാശത്തെത്തിക്കാന്‍ ഇന്ത്യ ശ്രമം തുടങ്ങിയത്. യാത്രികരെ വ്യോംനോട്ട്സ് എന്നു വിളിക്കാനും തീരുമാനിച്ചിരുന്നു. ഒരാഴ്ചയോളം ബഹിരാകാശത്ത് തങ്ങാന്‍ കഴിവുള്ള പേടകമാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതിനായുള്ള പദ്ധതി 2013-ലാണു സമര്‍പ്പിക്കപ്പെട്ടത്. ബഹിരാകാശ യാത്ര നടത്തി ഭൂമിയില്‍ മടങ്ങിയെത്താവുന്ന ഇന്ത്യയുടെ സ്പേസ്ഷിപ്പിന്റെ പരീക്ഷണം 2014 ഫെബ്രുവരിയില്‍ വിജയമാക്കിയിരുന്നു. ഭൂമിയില്‍നിന്ന് 126 കിലോമീറ്റര്‍ ഉയരത്തിലെത്തിയശേഷമാണു പേടകം കടലില്‍ ഇറക്കിയത്. 2018-ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ഗഗന്‍യാന്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.എന്നാല്‍, കോവിഡിനെത്തുടര്‍ന്നു പദ്ധതി വൈകുകയായിരുന്നു. യാത്രികരെ ബഹിരാകാശത്തെത്തിക്കുന്നതുപോലെ അവരെ മടക്കിക്കൊണ്ടുവരുന്നതും സുപ്രധാനമാണ്. മൂന്ന് വ്യോംനോട്ട്സിനെ കൊണ്ടുപോകുകയാണ് ഐ.എസ്.ആര്‍.ഒയുടെ ലക്ഷ്യം.
അതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ സ്വന്തം ഹ്യൂമനോയ്ഡായ വ്യോമമിത്രയെ രണ്ടാം ഘട്ടത്തില്‍ ബഹിരാകാശത്തേക്ക് അയയ്ക്കും. മനുഷ്യര്‍ ചെയ്യുന്ന എല്ലാ പ്രവൃത്തികളും നിര്‍വഹിക്കാന്‍ ഈ റൊബോട്ടിനു കെല്‍പ്പുണ്ട്. നിശ്ചയിച്ച രീതിയില്‍ത്തന്നെ പരീക്ഷണം വിജയിച്ചാല്‍ പദ്ധതിയുമായി മുന്നോട്ടു പോകാം- ജിതേന്ദ്ര സിങ് വ്യക്തമാക്കി.ബഹിരാകാശമേഖലയിലെ പരീക്ഷണങ്ങള്‍ക്കുള്ള ഫണ്ട് വിഹിതവും വര്‍ധിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.

പേടകം തയ്യാറായി

മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്നതിനുള്ള ഐഎസ്ആര്‍ഒ പദ്ധതിക്കുള്ള പേടകം തയ്യാറായി. ആളില്ലാ പരീക്ഷണ ദൗത്യം ഈവര്‍ഷം പകുതിയോടെ നടക്കും. ഗഗന്‍യാന്‍ പദ്ധതിക്കായുള്ള ഫുള്‍സൈസ് സിമുലേറ്റഡ് ക്രൂമോഡ്യൂളാണ് തയ്യാറാക്കിയിരിക്കുന്നത്. പത്തടി വ്യാസവും ഒമ്പത് അടി ഉയരവും നാല് ടണ്‍ ഭാരവുമുള്ള പേടകമാണിത്. മൂന്ന് ബഹിരാകാശയാത്രികര്‍ക്ക് ഇരിക്കുന്നതിനുള്ള സൗകര്യമുണ്ട്.
സുരക്ഷ ഉറപ്പാക്കാന്‍ ആധുനികമായ ഇരട്ട ചട്ടയാണുള്ളത്. അപകടമുണ്ടായാല്‍ രക്ഷപ്പെടാനുള്ള അബോര്‍ട്ട് സംവിധാനങ്ങളും സുരക്ഷിതമായി ഗഗനചാരികള്‍ക്ക് ഇറങ്ങുന്നതിനുള്ള സംവിധാനങ്ങളെല്ലാമുണ്ട്. മൂന്ന് പാരച്യൂട്ടും. ശബ്ദത്തിന്റെ വേഗത്തിലും അതിനു മുകളിലുമുള്ള വേഗതയ്ക്കും മധ്യേ പേടകത്തെ എത്തിച്ച് പരീക്ഷണം നടത്തുകയാകും ആദ്യം ചെയ്യുക. ശ്രീഹരിക്കോട്ടയില്‍നിന്നാകും പരീക്ഷണപ്പറക്കല്‍. ക്രൂമോഡ്യൂളിന്റെയും രക്ഷാസംവിധാനത്തിന്റെയും ക്ഷമതാ പരിശോധനയാകും നടത്തുക. കടലില്‍ പതിക്കുന്ന പേടകത്തെ വീണ്ടെടുത്ത് നിരീക്ഷിക്കും. ഇത്തരത്തിലുള്ള രണ്ട് പരീക്ഷണപ്പറക്കലുകള്‍ക്കുശേഷം പേടകത്തില്‍ മതിയായ മാറ്റങ്ങള്‍ വരുത്തിയാകും അന്തിമ തീരുമാനം.

മലയാളിയും ഗഗന്‍യാനും

തിരുവനന്തപുരം വിഎസ്എസ്സിയാണ് ക്രൂമോഡ്യൂളും അനുബന്ധ സംവിധാനങ്ങളും രൂപകല്‍പ്പന ചെയ്തത്. ഡയറക്ടര്‍ ഡോ. എസ് ഉണ്ണികൃഷ്ണന്‍നായരുടെ നേതൃത്വത്തിലായിരുന്നു ഇത്. രണ്ട് വര്‍ഷത്തിനകം മൂന്നുപേരെ ബഹിരാകാശത്തേക്ക് അയക്കാനാണ് ഐഎസ്ആര്‍ഒ പദ്ധതി. ഇതിനായി തെരഞ്ഞെടുത്തവരുടെ പരിശീലനം തുടരുകയാണ്. അതേസമയം,ഗഗന്‍യാന്‍ ദൗത്യത്തില്‍ സാങ്കേതിക ഉപദേഷ്ടാവായി മലയാളി നാവികന്‍ കമാന്‍ഡര്‍ അഭിലാഷ് ടോമിയെ നിയമിച്ചു. ബഹിരാകാശത്തുനിന്നു മടങ്ങിയെത്തുന്ന യാത്രികരുടെ വാഹനം (ക്രൂ മൊഡ്യൂള്‍) കടലില്‍ ഇറക്കാനാണ് ഇസ്‌റോ പദ്ധതി. രക്ഷാപ്രവര്‍ത്തകര്‍ എത്തും വരെ ക്രൂ മൊഡ്യൂളില്‍ കടലില്‍ കഴിയാനുള്ള പരിശീലനമാണ് അഭിലാഷ് നല്‍കുക.
ഇസ്റോയുമായി ആദ്യഘട്ട ചര്‍ച്ച നടത്തിയതായി അഭിലാഷ് പറഞ്ഞു. ഇന്ത്യന്‍ നാവികസേനയുടെ സാഗര്‍ പരിക്രമ 2 പദ്ധതിയുടെ ഭാഗമായി പായ്വഞ്ചിയില്‍ ഒറ്റയ്ക്ക് ഒരിടത്തും നിര്‍ത്താതെ ലോകം ചുറ്റിവന്ന ആദ്യ ഇന്ത്യക്കാരനാണ് അഭിലാഷ് ടോമി. ഈയിടെ ഗോള്‍ഡന്‍ ഗ്ലോബ് പായ്വഞ്ചിയോട്ടത്തില്‍ രണ്ടാമതു ഫിനിഷ് ചെയ്ത അഭിലാഷ് ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യക്കാരനുമായി. ആദ്യമായി ഒറ്റയ്‌ക്കൊരു വനിത നടത്തുന്ന, ഇന്ത്യന്‍ നാവികസേനയുടെ സമുദ്രപരിക്രമണ പദ്ധതിയായ സാഗര്‍ പരിക്രമ 4നും അഭിലാഷിന്റെ സാങ്കേതിക മേല്‍നോട്ടമുണ്ട്.

Share

About ശ്രുതി ലാൽ

View all posts by ശ്രുതി ലാൽ →