മാവേലിക്കര: ആറ് വയസുകാരിയെ പിതാവ് അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയെ ആണ് പിതാവ് കൊലപ്പെടുത്തിയത്. കേസിൽ അച്ഛൻ ശ്രീമഹേഷിനെതിരെ പൊലീസ് മാവേലിക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 2023 ജൂൺ ഏഴിനായിരുന്നു മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവം ഉണ്ടായത്.
പുന്നമൂട് ആനക്കൂട്ടിൽ വീടിന്റെ സിറ്റൌട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നക്ഷത്രയെ ഒരു സർപ്രൈസ് തരാമെന്ന് പറഞ്ഞ് ചരിച്ചു കിടത്തിയ ശേഷം കൈയ്യിൽ ഒളിപ്പിച്ച മഴു ഉപയോഗിച്ച് ശ്രീമഹേഷ്, വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അപ്രതീക്ഷിതമായി അവിടേക്ക് കയറിച്ചെന്ന ശ്രീമഹേഷിന്റെ അമ്മ സുനന്ദയേയും ഇയാൾ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് ഇയാളെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
497 പേജുകളുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നതെന്ന് മാവേലിക്കര സിഐ സി ശ്രീജിത്ത് പറഞ്ഞു. കൃത്യം നടന്ന 78 -ാം ദിവസമാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. പ്രതി ശ്രീമഹേഷിന് തന്റെ വിവാഹം നടക്കാത്തതിൽ ഉണ്ടായ വൈരാഗ്യവും നിരാശയുമാണ് കുട്ടിയെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വിവാഹ ആലോചന നിരസിച്ച വനിത പോലീസ് കോൺസ്റ്റബിളിനെ വകവരുത്തുവാനും ഇയാൾക്ക് പദ്ധതി ഉണ്ടായിരുന്നതായും പോലീസ് അന്വേഷണത്തിൽ വ്യക്തമായതായി പറയുന്നു.
നിലവിൽ പേരൂർക്കടയിലെ മാനസിക ആരോഗ്യ കേന്ദ്രത്തിലാണ് പ്രതി ശ്രീമഹേഷ് ഉള്ളത്. കോടതി നടപടികളുമായി ബന്ധപ്പെട്ട പരിശോധനകൾക്കായാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. കൃത്യം നടന്നതിന് അടുത്ത ദിവസം ശ്രീമഹേഷിനെ തെളിവെടുപ്പ് കഴിഞ്ഞ് മാവേലിക്കര സബ് ജയിലിൽ റിമാൻഡ് ചെയ്തതിന് പിന്നാലെ കഴുത്തും കൈയ്യും മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇയാളെ അന്ന് പേരൂർക്കടിയിലെ മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഇയാളെ പൂജപ്പുര സെന്റർ ജയിലിലേക്ക് മാറ്റിയിരുന്നു. ജയിലിൽ പൊതുവെ ശാന്ത സ്വഭാവമാണ് പ്രകടിപ്പിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.