ലണ്ടന്‍: ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രമുള്ള ലണ്ടനിലെ പ്രശസ്തമായ ഇന്ത്യ ക്ലബ് അടച്ചുപൂട്ടുന്നു. ക്ലബ് അടയ്ക്കുന്നതിനെതിരായ ജനകീയ പോരാട്ടം പരാജയപ്പെട്ടതിനു പിന്നാലെയാണ് അടുത്തമാസം പൂട്ടാനൊരുങ്ങുന്നത്. വി.കെ. കൃഷ്ണമേനോന്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നേതാക്കള്‍ ഒത്തുകൂടിയിരുന്ന സ്ഥലമായിരുന്നു ഈ ക്ലബ്.
ക്ലബ് നിലനിര്‍ത്തുന്നതിനുവേണ്ടി നടത്തിപ്പുകാരായ യദ്ഗാര്‍ മാര്‍ക്കറും മകള്‍ ഫിറോസയും ‘സേവ് ഇന്ത്യ ക്ലബ്’ എന്ന പേരില്‍ കാമ്പയിന്‍ ആരംഭിച്ചിരുന്നു. എന്നാല്‍, ക്ലബിന്റെ അടച്ചുപൂട്ടല്‍ ആസന്നമായെന്ന് ഇവരും ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ 17നായിരിക്കും ക്ലബ് പൊതുജനങ്ങള്‍ക്കായി തുറക്കുന്ന അവസാന ദിവസം.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടനില്‍ കാമ്പയിന്‍ നടത്തിയ ഇന്ത്യ ലീഗില്‍ തുടങ്ങുന്നതാണ് ക്ലബിന്റെ ചരിത്രം. 1946 മുതല്‍ പ്രവര്‍ത്തിക്കുന്ന ക്ലബ് 26 മുറികളുള്ള സ്ട്രാന്‍ഡ് കോണ്ടിനന്റല്‍ ഹോട്ടലിലെ ഒന്നാം നിലയിലാണ് സ്ഥിതി ചെയ്യുന്നത്. കൃഷ്ണമേനോന്‍ ഉള്‍പ്പെടെയുള്ള സ്ഥാപക അംഗങ്ങള്‍ സ്ഥിരമായി ഇവിടെ ഒത്തുകൂടിയിരുന്നു. ബ്രിട്ടനിലെ ആദ്യകാല ഇന്ത്യന്‍ റസ്റ്റാറന്റുകളില്‍ ഒന്ന് സ്ഥിതിചെയ്തിരുന്നതും ഇവിടെയാണ്.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുശേഷം അതിവേഗം വളര്‍ന്ന ബ്രിട്ടീഷ് ദക്ഷിണേഷ്യന്‍ സമൂഹത്തിന്റെ പ്രധാന സംഗമവേദിയായിരുന്നു ഈ ക്ലബ്. ആദ്യകാല ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്കും ക്ലബ് താങ്ങും തണലുമായി.
പുതിയൊരു ഹോട്ടല്‍ നിര്‍മിക്കുന്നതിന് ഭാഗികമായി പൊളിക്കുന്നതിന് കെട്ടിടത്തിന്റെ ഫ്രീഹോള്‍ഡറായ മാര്‍സ്റ്റണ്‍ പ്രോപ്പര്‍ട്ടീസ് വെസ്റ്റ്മിന്‍സ്റ്റര്‍ സിറ്റി കൗണ്‍സിലില്‍ അപേക്ഷ നല്‍കിയിരുന്നു. കെട്ടിടത്തിന്റെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് 2018 ആഗസ്റ്റില്‍ കൗണ്‍സില്‍ അപേക്ഷ ഏകകണ്ഠമായി തള്ളിയിരുന്നു.