തിരുവനന്തപുരം : സംസ്ഥാനത്ത് മന്ത്രിമാരുടെ ഉൾപ്പെടെ സർക്കാർ വാഹനങ്ങളിലെ എൽഇഡി ലൈറ്റുകൾ നിരോധിച്ചു. . ഇത്തരത്തിലുള്ള ലൈറ്റുകൾ ഉപയോഗിച്ചാൽ 5,000 രൂപ വരെ പിഴ ഈടാക്കാനാണ് തീരുമാനം. ഫ്ളാഷ് ലൈറ്റുകൾ, മൾട്ടികളർ എൽഇഡി, നിയോൺ നാടകൾ തുടങ്ങിയവയുടെയെല്ലാം ഉപയോഗം നിരോധിച്ചു. മന്ത്രിവാഹനങ്ങൾക്കും മറ്റും മുകളിൽ ബീക്കൺ ലൈറ്റ് ഉപയോഗിക്കുന്നതിനുളള അനുമതി നേരത്തെ നിഷേധിച്ചിരുന്നു.
അനധികൃതമായ ഓരോ ലൈറ്റിനും പ്രത്യേകം പിഴ ഈടാക്കാനാണ് തീരുമാനം എന്നും ഹൈക്കോടതി നിർദേശത്തെത്തുടർന്നാണ് സർക്കാർ ഉത്തരവ് എന്നുമാണ് റിപ്പോർട്ടുകൾ. വാഹനത്തിൻറെ നിർമ്മാണ സമയത്ത് ഉള്ളതിൽ കൂടുതൽ ലൈറ്റുകൾ ഘടിപ്പിക്കുന്നത് നിയമവിരുദ്ധമാകും.
2023 മെയ് മാസത്തിലാണ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ കർശന നിർദ്ദേശം ഇതുസംബന്ധിച്ച് ഉണ്ടായത്. സംസ്ഥാന പോലീസ് മേധാവിക്കും ട്രാൻസ്പോർട്ട് കമ്മീഷണർക്കുമാണ് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നത്.
ഈ സാഹചര്യത്തിലാണ് ഇത്തരം വാഹനങ്ങളിൽ ബമ്പർ ഗ്രില്ലിൽ എൽ.ഇ.ഡി. ഫ്ളാഷുകൾ ഉപയോഗിച്ച് തുടങ്ങിയത്. മുമ്പ് ബീക്കൺ ലൈറ്റുകൾ ഘടിപ്പിച്ച വാഹനങ്ങളിലായിരുന്നു മന്ത്രിമാർ സഞ്ചരിച്ചിരുന്നത്. എന്നാൽ ഇത് വിഐപി സംസ്കാരത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തി കേന്ദ്രസർക്കാർ ബീക്കൺ ലൈറ്റുകൾ നീക്കിയിരുന്നു. നേരത്തെ ബീക്കൺ ലൈറ്റുകൾ ഘടിപ്പിച്ച വാഹനങ്ങളിലായിരുന്നു പ്രധാനമന്ത്രി അടക്കം സഞ്ചരിച്ചിരുന്നതെങ്കിലും ഇതെല്ലാം നീക്കിയിരുന്നു. ഇതോടെ സംസ്ഥാന മന്ത്രിമാരുടെ കാറുകളിൽനിന്നും ബീക്കൺ ലൈറ്റുകൾ നീക്കി. പിന്നീടാണ് മന്ത്രിമാരുടെ വാഹനങ്ങളിൽ എൽഇഡി ഫ്ളാഷ് ലൈറ്റുകൾ ഘടിപ്പിച്ച് തുടങ്ങിയത്.
മഞ്ഞുള്ള പ്രദേശങ്ങളിൽ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് അധിക ഫോഗ് ലാമ്പ് ഘടിപ്പിക്കുന്നതിന് ആർടിഒമാരിൽനിന്ന് പ്രത്യേക അനുമതി ലഭിക്കും. എതിരേവരുന്ന വാഹനങ്ങളിലേക്ക് വെളിച്ചംവീഴാത്ത വിധത്തിൽ താഴ്ത്തിയാണ് ഇവ ഘടിപ്പിക്കുക. ഇതിന്റെ വിശദാംശങ്ങൾ രജിസ്ട്രേഷൻ രേഖകളിൽ ഉൾക്കൊള്ളിക്കും.
നിയമവിരുദ്ധമായി എൽഇഡി ഫ്ളാഷ് ലൈറ്റുകൾ ഘടിപ്പിച്ച് സഞ്ചരിക്കുന്ന എല്ലാ സർക്കാർ വാഹനങ്ങൾക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരുന്നു. വാഹനം വാങ്ങുമ്പോൾ അതിലുണ്ടാകുന്ന ലൈറ്റുകൾക്ക് പുറമെ ഒരു അലങ്കാര ലൈറ്റുകളും വാഹനത്തിൽ സ്ഥാപിക്കാൻ പാടില്ല. എൽഇഡി ഫ്ളാഷ് ലൈറ്റുകൾ ഘടിപ്പിച്ച വാഹനങ്ങളുടെ ഉടമകളിൽനിന്ന് 5000 രൂപ പിഴ ഈടാക്കും. വാഹനങ്ങളുടെ ഉടമ എന്ന നിലയിൽ സർക്കാരാവും പിഴത്തുക നൽകേണ്ടിവരിക. മറ്റുസംസ്ഥാനങ്ങളിൽനിന്നുള്ള സർക്കാർ വാഹനങ്ങൾ എൽഇഡി ഫ്ളാഷ് ലൈറ്റ് ഘടിപ്പിച്ച് സംസ്ഥാനത്ത് എത്തിയാൽ അവയ്ക്കെതിരെയും നടപടി വേണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. അതേസമയം സംസ്ഥാനത്ത് ഘടിപ്പിച്ചിരിക്കുന്ന എഐ ക്യാമറകളിൽ നിന്നും മന്ത്രിമാർ അടക്കമുള്ള വിഐഐപികൾക്ക് ഇളവില്ലെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു

