വിക്രം ലാൻഡറും റോവറും ഉൾപ്പെടുന്ന ലാൻഡർ മൊഡ്യൂൾ ചന്ദ്രന്റെ ഉപരിതലത്തോട് അടുപ്പിച്ചു നിർത്തുന്ന നിർണായക പ്രക്രിയയ്ക്ക് ഇന്ന് തുടക്കം. താഴ്ന്ന ഭ്രമണപഥത്തിലെത്തിക്കുന്നതിനായി ലാൻഡറിന്റെ വേഗം കുറയ്ക്കുന്ന ഡി ബൂസ്റ്റ് പ്രക്രിയ ഇന്ന് വൈകിട്ട്
ഈ ഭ്രമണപഥത്തിൽ പേടകത്തിന് ചന്ദ്രനോടുള്ള ഏറ്റവും കുറഞ്ഞ ദൂരം 30 കിലോമീറ്ററും കൂടിയ ദൂരം 100 കിലോമീറ്ററുമായിരിക്കും. ഇതിന് ശേഷം ഓഗസ്റ്റ് 23-ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പേടകം സോഫ്റ്റ് ലാൻഡിംഗ് നടത്തും.
വേഗത കുറയ്ക്കുന്നതിനായി ചന്ദ്രയാൻ-3യിൽ നാല് ത്രസ്റ്റർ എഞ്ചിനുകളാണ് ഉള്ളത്. ഇതിൽ രണ്ട് ത്രസ്റ്റർ എഞ്ചിനുകൾ ഒരേ സമയം പ്രവർത്തിച്ച് വേഗത കുറയ്ക്കും. ലാൻഡർ ചന്ദ്രോപരിതലത്തിന് 800 മീറ്റർ ഉയരത്തിൽ ത്രസ്റ്ററുകളുടെ സഹായത്തോടെ കുറച്ചു സമയം അന്തരീക്ഷത്തിൽ നിശ്ചലമായി നിൽക്കും. ഇതിന് ശേഷമാകും സെക്കൻഡിൽ 1-2 മീറ്റർ വേഗതയിൽ താഴെ ഇറങ്ങുക. കഴിഞ്ഞ ദൗത്യത്തിൽ ഇല്ലാതിരുന്ന ലേസർ ഡോപ്ലർ വെലോസിറ്റി ഇത്തവണ ലാൻഡറിന്റെ പ്രവേശം കൃത്യമായി നിശ്ചയിക്കുന്നതായിരിക്കും. ഓഗസ്റ്റ് 23-ന് വൈകിട്ട് 5.47-ന് ലാൻഡർ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തും.
ഇതിന് ശേഷം വാതിൽ തുറന്ന് ആറ് ചക്രങ്ങളുള്ള റോവർ, റാംപ് വഴി ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങും. ഒരു കിലോമീറ്റർ ചുറ്റളവിൽ സഞ്ചരിക്കാൻ റോവറിന് സാധിക്കും. ചന്ദ്രനിലെ മണ്ണിന്റെ സാംപിൾ ശേഖരിച്ച് പഠനം നടത്തുന്നത് റോവറാണ്. ഈ വിവരങ്ങളെല്ലാം തന്നെ ചന്ദ്രയാൻ-3യിൽ നിന്നും ബെംഗളൂരുവിലെ ഇസ്ട്രാക്ക് ഗ്രൗണ്ട് സ്റ്റേഷൻ ശേഖരിക്കും

