ഞങ്ങള്‍ തമ്മില്‍ സഹോദര ബന്ധം; പ്രണവിനെപ്പറ്റി കല്യാണി പ്രിയദർശൻ.

‘‘കുട്ടിക്കാലം മുതലേ ഒന്നിച്ചു കളിച്ചു വളര്‍ന്നവരാണു ഞങ്ങള്‍. പരസ്പരം അത്രയ്ക്ക് അടുത്തബന്ധമുണ്ട്. ഐ.വി.ശശി അങ്കിളിന്റെയും ലാലങ്കിളിന്റെയും സുരേഷ് അങ്കിളിന്റെയും കുടുംബങ്ങളുമായിട്ടായിരുന്നു ഏറെ അടുപ്പമുണ്ടായിരുന്നത്. അപ്പു പഠിച്ചത് ഊട്ടിയിലായതുകൊണ്ട് അവധിക്കാലത്താണു ഞങ്ങളുടെ ഒത്തുചേരല്‍. പക്ഷേ അത് ഏതെങ്കിലും സിനിമയുടെ സെറ്റിലായിരിക്കും. അപ്പുവും കീര്‍ത്തിയും (കീർത്തി സുരേഷ്) അനിയും (അനി ഐ.വി. ശശി) ചന്തുവുമാണ് എന്റെ ടീം.

എനിക്ക് അപ്പു ഫാമിലി തന്നെയാണ് എങ്കിലും അതൊരിക്കലും പ്രണയമല്ല. ഞങ്ങള്‍ തമ്മില്‍ സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധമാണ്. വീട്ടിലെ ആല്‍ബങ്ങളില്‍ നോക്കിയാൽ എന്റെ സഹോദരന്റെ ഒപ്പമുള്ളതിനേക്കാൾ അപ്പുവുമൊത്താകും ചിത്രങ്ങൾ കൂടുതൽ. പഠിത്തം കഴിഞ്ഞ് അപ്പു ചെന്നൈയിലെത്തിയ കാലത്ത് കൂട്ടുകാര്‍ക്ക് അവനെ പരിചയപ്പെടുത്തിയിരുന്നത് കസിന്‍ എന്നാണ് കാരണം അച്ഛന്റെ അടുത്ത സുഹൃത്തിന്റെ മകന്‍ എന്നൊക്കെ പറയാന്‍ മടിയായിരുന്നു.

പ്രണവ് ഒരു തയാറെടുപ്പുമില്ലാതെ യാത്ര പോകുന്ന ആളാണ്. ഏറെ തയാറെടുപ്പും പ്ലാനിങ്ങുമുണ്ടെങ്കിലേ എനിക്ക് യാത്രപോകാൻ കഴിയൂ. പോകേണ്ട സ്ഥലങ്ങളും ചെലവഴിക്കേണ്ട സമയവും താമസിക്കേണ്ട സ്ഥലവുമൊക്കെ ചാര്‍ട്ട് ചെയ്തിട്ടുണ്ടാകും. എന്നാൽ അപ്പുവിന് വഴിയിൽ കിട്ടുന്ന സൗകര്യങ്ങൾ മതി.

അടുത്തിടെ എനിക്കു നാത്തൂനായി പ്രമോഷന്‍ ലഭിച്ചു. അനിയന്‍ ചന്തുവിന്റെ (സിദ്ധാർഥ്) വിവാഹം കഴിഞ്ഞു. ചന്തുവിന്റെ ഭാര്യ മെലാനി യുഎസ്സില്‍ നിന്നാണ്. കരിയറോ വിവാഹമോ എന്തുമാകട്ടെ, ഞങ്ങളുടെ തീരുമാനത്തെ 100 ശതമാനം പിന്തുണയ്ക്കുന്ന ബെസ്റ്റ് പേരന്റ്സ് ആണു ഞങ്ങളുടേത്. എങ്കിലും കല്യാണത്തെ കുറിച്ചൊന്നും ഞാനിപ്പോൾ ചിന്തിക്കുന്നേയില്ല. എങ്കിലും വിവാഹ സങ്കല്‍പം പറയാം. ‘വരനെ ആവശ്യമുണ്ടി’ലെ ബിബീഷിന്റെ വ്യക്തിത്വവും, ‘ഹൃദയ’ത്തിലെ അരുണിന്റെ നിഷ്‌കളങ്കതയും, ‘ബ്രോ ഡാഡി’യിലെ ഈശോയുടെ ആത്മവിശ്വാസവും ‘തല്ലുമാല’യിലെ വസീമിന്റെ ‘സ്വാഗും’ ഒത്തിണങ്ങിയ ഒരാളാണ് എന്റെ മനസ്സിൽ. അങ്ങനെയുള്ള ആളെ കിട്ടുമോ, എങ്കില്‍ കെട്ടാന്‍ ദേ, റെഡി…’’ – കല്യാണി പ്രിയദർശൻ പറയുന്നു.

കല്യാണിയും പ്രണവും സിനിമയിൽ അഭിനയിച്ചു തുടങ്ങിയപ്പോൾ മുതൽ, ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്ന ഗോസിപ്പുകൾ വന്നിരുന്നു. ‘ഹൃദയം’ എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചതിനു ശേഷം ഈ ഗോസിപ്പിന് ആക്കം കൂടി. ഇപ്പോൾ വിനീത് ശ്രീനിവാസന്റെ ‘വര്‍ഷങ്ങള്‍ക്കു ശേഷം’ എന്ന ചിത്രത്തിലും പ്രണവും കല്യാണിയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →