മാത്യു കുഴൽ നാടൻ എം.എൽ.എ നടത്തിയ കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പിലും അന്വേഷണം വേണമെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ. മൂന്നാറിൽ 7 കോടി രൂപയുടെ ഭൂമി 1.92 കോടി രൂപയ്ക്ക് രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചു. സമഗ്രമായ അന്വേഷണം വേണം. സംഭവത്തിൽ വിജിലൻസിന് പരാതി നൽകി സിപിഐഎം.2021 മാർച്ച് 18ന് രജിസ്റ്റർ ചെയ്ത ആധാരത്തിൽ 1.92 കോടി രൂപയാണ് വില കാണിച്ചത്.
എന്നാൽ പിറ്റേ ദിവസം നൽകിയ തിരഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തിൽ കാണിച്ച വില 3.5 കോടി രൂപയാണ്. ലക്ഷക്കണക്കിന് രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും വെട്ടിച്ചു. ശരിയായ നിലയിലല്ലാതെ അദ്ദേഹത്തിന് പണം കിട്ടുന്നുണ്ട്.അമേരിക്കൻ പ്രസിഡണ്ട് ഒഴികെ എല്ലാവരുടേയും പേരിൽ അക്ഷേപം ഉന്നയിക്കുന്ന ആളാണ് മാത്യു കുഴൽ നാടൻ.
വിഷയത്തിൽ സിപിഐഎം രാഷ്ട്രീയ സമരത്തിനിറങ്ങുമെന്നും സിഎൻ മോഹനൻ പറഞ്ഞു. സർക്കാരിനും വിജിലൻസിനും പരാതി നൽകിയിട്ടുണ്ട്. മൂവാറ്റുപുഴയിൽ മണ്ഡലത്തിൽ നിന്നുള്ളവർ പരാതി കൊടുത്തിട്ടുണ്ടെന്നും വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും മോഹനൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദുബായിലും ഡൽഹിയിലും കൊച്ചിയിലും ഉള്ള ഓഫീസുകളുടെ മറവിൽ കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്നും സിപിഐഎം ആരോപിക്കുന്നു.

