മഥുര കൃഷ്ണ ജന്മഭൂമിക്കു സമീപത്തെ അനധികൃത കെട്ടിടങ്ങൾ ഇടിച്ചു നിരത്തുന്നത് തടഞ്ഞ് സുപ്രീം കോടതി

ന്യൂഡൽഹി: ഉത്തർപ്രദേശിൽ കൃഷ്ണ ജന്മഭൂമിക്കു സമീപത്തെ അനധികൃത കെട്ടിടങ്ങൾ ഇടിച്ചു തകർക്കുന്നത് 10 ദിവസത്തേക്ക് തടഞ്ഞ് സുപ്രീം കോടതി. ബ്രോഡ് ഗേജ് പാത നിർമാണത്തിന്‍റെ ഭാഗമായി റെയിൽവേയാണ് മഥുരയിലെ നയി ബസ്തി എന്ന പ്രദേശത്തെ അനധികൃത കെട്ടിടങ്ങൾ നീക്കം ചെയ്യുന്നത്. പ്രദേശത്ത് 10 ദിവസത്തേക്ക് തത് സ്ഥിതി തുടരണമെന്ന് ജസ്റ്റിസ്മാരായ അനിരുദ്ധ ബോസ്, സഞ്ജയ് കുമാർ, എസ് വി എൻ ഭട്ടി എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു. വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് നോട്ടീസ് അയക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.

ഒരാഴ്ചയ്ക്കു ശേഷം വിഷയം വീണ്ടും പരിഗണിക്കും. അനധികൃത കെട്ടിടങ്ങളെന്ന പേരിൽ 100 വീടുകളാണ് റെയിൽവേ ബുൾഡോസർ കൊണ്ടു തകർത്തു കളഞ്ഞതെന്ന് ഹർജിക്കാർക്കു വേണ്ടി ഹാജരായ അഭിഭാഷകൻ യാകൂബ് ഷാ കോടതിയെ അറിയിച്ചു. ന്യൂനപക്ഷ വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണിത്. ഇനി 80 വീടുകളോളം ഇടിച്ചു നിരത്തൽ ഭീഷണിയിലാണ്. അപ്രതീക്ഷിതമായാണ് കെട്ടിടങ്ങൾ ഇടിച്ചു തകർത്തത്. ഉത്തർപ്രദേശ് കോടതി അവധിയായ ദിവസം തന്നെ ഇതിനായി തെരഞ്ഞെടുത്തെന്നും ഹർജിക്കാർ ആരോപിക്കുന്നു. കാലങ്ങളോളമായി നില നിൽക്കുന്ന കെട്ടിടങ്ങളാണ് ഇപ്പോൾ‌ ഇടിച്ചു നിരത്തുന്നത്. കെട്ടിടങ്ങൾ നീക്കം ചെയ്യുന്നതിനെതിരേ ഫയൽ ചെയ്ത ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കേയാണ് റെയിൽവേയുടെ നടപടിയെന്നും ആരോപണമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →