കാഴ്ചപരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവം ആഭ്യന്തര അന്വേഷണ സംഘം അന്വേഷിക്കും

മഹാരാജാസ് കോളേജിൽഅധ്യാപകനെ വിദ്യാർത്ഥികൾ അവഹേളിച്ച സംഭവം ആഭ്യന്തര അന്വേഷണ സംഘം അന്വേഷിക്കും. സംഭവത്തിൽ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർത്ഥികളുടെ അടക്കം മൊഴി രേഖപ്പെടുത്തി ഏഴു ദിവസനകം സംഘം അക്കാദമിക് കൗൺസിലിന് റിപ്പോർട്ട് നൽകും. ഇതിനുശേഷമാകും വിദ്യാർത്ഥികൾക്ക് എതിരെ കൂടുതൽ നടപടി സ്വീകരിക്കണമോ എന്ന കാര്യത്തിൽ തീരുമാനം എടുക്കുക.

അതേസമയം, അധ്യാപകനെ അവഹേളിച്ച സംഭവത്തിൽ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകാനും കോളജ് തീരുമാനിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന റൈറ്റ്സ് ഓഫ് പേഴ്സൺസ് വിത്ത് ഡിസെബിലിറ്റീസ് ആക്റ്റ് അനുസരിച്ച് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാകും പരാതി നൽകുക.

അധ്യാപകനൊപ്പമെന്ന് കെഎസ്‌യു പറഞ്ഞിരുന്നു. കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റിനെതിരെയുള്ള നടപടി രാഷ്ട്രീയ പ്രേരിതമാണ്. ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പരാതി നൽകുമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു. മുഹമ്മദ് ഫാസിലിന് സംഭവവുമായി ബന്ധമില്ല. ഗൂഢാലോചനയിൽ മാധ്യമങ്ങളും കൂട്ട് നിന്നുവെന്നും അലോഷ്യസ് സേവ്യർ അറിയിച്ചു.

അധ്യാപകനെ അപമാനിച്ച സംഭവത്തിൽ ആറ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിരുന്നു. കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസിൽ അടക്കം ആറ് പേരെയാണ് സസ്‌പെൻഡ് ചെയ്തത്. മൂന്നാംവർഷ വിദ്യാർഥികളായ മുഹമ്മദ് ഫാസിൽ, നന്ദന,രാകേഷ് , പ്രിയദ,ആദിത്യ, ഫാത്തിമ എന്നീ വിദ്യാർത്ഥികളെയാണ് സസ്‌പെൻഡ് ചെയ്തത്. അധ്യാപകനായ ഡോക്ടർ പ്രിയേഷിന്റെ പരാതിയിലാണ് വിദ്യാർത്ഥികൾക്കെതിരെ നടപടി. കാഴ്ച പരിമിതിയുള്ള അധ്യാപകനെ അവഹേളിക്കുന്ന വീഡിയോ വിദ്യാർത്ഥികൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതായി സസ്‌പെൻഷൻ ഉത്തരവിലുണ്ട്. പൊളിറ്റിക്കൽ സയൻസ് അധ്യാപകനായ പ്രിയേഷിനെയാണ് വിദ്യാർത്ഥികൾ അപമാനിച്ചത്. ക്ലാസ് നടക്കുമ്പോൾ കളിച്ചും ചിരിച്ചും അനുവാദമില്ലാതെ പ്രവേശിക്കുകയും ചെയ്തു. ഇവ വിഡിയോയായി ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തിലാണ് കോളജിന്റെ നടപടി.

കാഴ്ചശക്തിയില്ല എന്ന തൻ്റെ പരിമിതിയെയാണ് കുട്ടികൾ ചൂഷണം ചെയ്തത് എന്നതിൽ വിഷമമുണ്ടെന്ന് അധ്യാപകൻ ഡോ. സിയു പ്രിയേഷ് പ്രതികരിച്ചിരുന്നു. കാഴ്ചശക്തിയില്ലാത്ത ആളായതുകൊണ്ടാണല്ലോ ഇങ്ങനെ സംഭവിച്ചത്. ഒരുപാട് എഫർട്ട് എടുത്താണ് ക്ലാസെടുക്കുന്നത്. എന്നിട്ടും ക്ലാസിനെ അവമതിക്കുന്ന കുട്ടികളുണ്ടെന്നത് വിഷമകരമാണ് എന്നും അദ്ദേഹം പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →