ലുക്കൗട്ട് വ്യൂ പോയന്റിനു ഇനി പുത്തൻ ലുക്ക്

തെന്മല: ഒറ്റക്കൽ ലുക്കൗട്ട് വ്യൂ പോയിന്റിൻ്റെ മുഖച്ഛായ മാറ്റി കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ പദ്ധതിരേഖ തയ്യാറാകുന്നു. വിനോദസഞ്ചാര വകുപ്പിൻ്റെ നിർദേശപ്രകാരം തെന്മല ഇക്കോടൂറിസം 2.77 കോടി രൂപയുടെ പദ്ധതിനിർദേശം തയ്യാറാക്കി. രൂപരേഖയ്ക്ക് ജലസേചന വകുപ്പ് അംഗീകരം നൽകിയാൽ കിഴക്കൻമേഖലയിലെതന്നെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായി ലുക്കൗട്ട് മാറും . ജലസേചന വകുപ്പിലെ അംഗീകാരം ലഭിച്ചാൽ തുടർന്ന് വിനോദസഞ്ചാര വകുപ്പ് പദ്ധതിക്ക് അനുമതിനൽകും.

വ്യൂ പോയിൻറ് പൂർണമായും നവീകരിക്കുന്നതിനൊപ്പം തടയണയിലേക്ക് ഇറങ്ങുന്ന വഴിയുടെ വശങ്ങളിൽ പുൽത്തകിടി വച്ച് പിടിപ്പിക്കൽ, പടിക്കെട്ടുകളും മോടിപിടിപ്പിക്കൽ, തടയണയിൽനിന്ന് വ്യൂ ടവറിലേക്ക് കേബിൾ ഇലക്ട്രിക് ട്രെയിൻ, വ്യൂ ടവറിലേക്ക് സഞ്ചാരികളെ കൊണ്ടുപോകാൻ ലിഫ്റ്റ് സൗകര്യം, തടയണയ്ക്കുസമീപം നീന്തൽക്കുളം, കുട്ടികളുടെ കളിസ്ഥലം എന്നിവയും പദ്ധതിയിലുണ്ട്.

ജലസേചന വകുപ്പും പദ്ധതിയൊരുക്കുന്നു

ജലസേചന വകുപ്പും വ്യൂ പോയിന്റ് നവീകരിക്കുന്നതുൾപ്പെടെയുള്ള പദ്ധതികൾ ലക്ഷ്യമിട്ടിട്ടുണ്ട് . മലമ്പുഴ അണക്കെട്ടിനോടുചേർന്നുള്ള സമാനപദ്ധതികളാണ് ലുക്കൗട്ടിലും ആവിഷ്കരിക്കാനൊരുങ്ങുന്നത്. ജലസേചന വകുപ്പിൻ്റെ കീഴിൽ ടൂറിസം പദ്ധതിയൊരുക്കാനും ആലോചനയുണ്ട് .

താത്കാലിക നവീകരണം ഉടൻ

15 ലക്ഷത്തോളം രൂപ ചെലവഴിച്ച് ലുക്കൗട്ട് വ്യൂ പോയിന്റും പരിസരവും നവീകരിക്കുന്നതിനാവശ്യമായ പദ്ധതികളും തയ്യാറായി. ജലസേചന വകുപ്പ് ഇതിനുള്ള എസ്റ്റിമേറ്റ് പൂർത്തിയാക്കി. ഓഗസ്റ്റിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി സെപ്റ്റംബറിൽ അറ്റകുറ്റപ്പണികൾ തുടങ്ങാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. വ്യൂ പോയിന്റിൻ്റെ പ്രവേശന കവാടത്തോടുചേർന്ന് ആൽമരത്തിന്റെ ചുറ്റുമുള്ള തകർന്ന കോൺക്രീറ്റ് നവീകരിക്കുകയും ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →