ഹരിയാന : ഹരിയാനയിലെ നൂഹിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ഗ്രാമങ്ങളിലേക്ക് മുസ്ലിം കച്ചവടക്കാരെ നിരോധിക്കണമെന്നുള്ള കത്ത് പിൻവലിച്ച് പഞ്ചായത്ത് അധികൃതർ. 2023 ഓഗസ്റ്റ് മൂന്ന് നാല് തീയതികളിലാണ് മൂന്ന് ജില്ലകളിൽ നിന്നുള്ള അൻപതോളം വില്ലേജ് ഓഫീസർമാർ, മുസ്ലിം കച്ചവടക്കാരെയും മുസ്ലിംവിഭാഗത്തിൽപ്പെട്ട മറ്റാളുകളെയും സംഘർഷം നടക്കുന്ന ഗ്രാമങ്ങളിലേക്ക് പ്രവേശിക്കുന്നത് വിലക്കണമെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് ഇറക്കിയത്. നോട്ടീസ് പൊലീസിനും കൈമാറി. ഗ്രാമങ്ങളിൽ താമസിക്കുന്ന മുസ്ലിം ജനങ്ങൾ അവരുടെ ഐഡന്റിറ്റി തെളിയിക്കുന്ന രേഖകൾ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കണമെന്നും നിർദേശമുണ്ടായിരുന്നു. ഈ മൂന്ന് ഗ്രാമങ്ങളിലും ഭൂരിഭാഗവും ന്യൂനപക്ഷങ്ങളാണ് താമസിക്കുന്നത്
മഹേന്ദർഹഡ്, ജജ്ജാർ, രേവാരി എന്നിവിടങ്ങളിലെ അൻപതോളം ഗ്രാമങ്ങളാണ് മുസ്ലിം കച്ചവടക്കാരെ കമ്പോളങ്ങളിൽ നിന്ന് ബഹിഷ്‌കരിക്കാൻ കത്ത് ഇറക്കിയത്. പിന്നാലെയുണ്ടായ രൂക്ഷമായ വിമർശനങ്ങൾക്ക് പിന്നാലെ ഇവയിൽ രണ്ട് പഞ്ചായത്തുകൾ കത്ത് പിൻവലിക്കുകയായിരുന്നു. മതത്തിന്റെ പേരിൽ ഒരു വിഭാഗത്തെ മാറ്റനിർത്തുന്നത് അനീതിയാണെന്നും ഭരണഘടനാവിരുദ്ധമാണെന്നുമുള്ള നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം പിൻവലിക്കുന്നതെന്ന് സയ്ദാപൂരിലെ പഞ്ചായത്ത് അധികൃതർ പറഞ്ഞു.
എല്ലാ മതങ്ങളെയും ബഹുമാനിക്കുകയെന്നതാണ് പ്രധാനം. ആരുടെയും മതവികാരത്തെ വ്രണപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല. കത്തിറക്കിയുള്ള അധികൃതരുടെ തീരുമാനത്തിനെതിരെ ജജ്ജാർ ഡെപ്യൂട്ടി കമ്മീഷണർ ശക്തിസിങ് രംഗത്തെത്തി. മുസ്ലിങ്ങളെ ബഹിഷ്‌കരിക്കാനുള്ള നീക്കം ഭരണഘടനാ വിരുദ്ധമാണെന്നും നൂഹിലും പരിസരപ്രദേശങ്ങളിലുമുള്ള വിദ്വേഷപ്രചാരകരാണ് ഇതിനുപിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് പഞ്ചായത്ത് അധികൃതർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഡെപ്യൂട്ടി കമ്മിഷണർ കൂട്ടിച്ചേർത്തു. അതേസമയം മോഷണക്കേസുകൾ ധാരാളമായി റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതിന് ശേഷം പ്രതിരോധ നടപടിയെന്ന നിലയിൽ മാത്രമാണ് ബഹിഷ്‌കരണത്തിനുള്ള കത്തുകൾ നൽകിയതെന്നാണ് അധികൃതരുടെ വിശദീകരണം.

