ദില്ലി : തുടർച്ചയായ മോശം പെരുമാറ്റത്തെ തുടർന്ന് കോൺഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിക്ക് സസ്‌പെൻഷൻ. പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാർക്കുമെതിരായ പരാമർശങ്ങളിലാണ് നടപടി. ഇതാദ്യമായാണ് കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവിനെ ലോക്‌സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുന്നത്.പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് അധീർ രഞ്ജൻ ചൗധരിയെ സസ്‌പെൻഡ് ചെയ്യുന്നതായി അറിയിച്ചത്.
മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിൽ മറുപടി പറഞ്ഞ പ്രധാനമന്ത്രിക്കെതിരെയും അധീർ രഞ്ജൻ ചൗധരി ആഞ്ഞടിച്ചു. രാജാവ് അന്ധനാണെന്നും ധൃതരാഷ്ട്രർ അന്ധനായിരുന്നപ്പോൾ ഹസ്തിനപുരത്ത് ദ്രൗപദി വിവസ്ത്രയാക്കപ്പെട്ടെന്നും മണിപ്പൂർ വിഷയത്തെ താരതമ്യപ്പെടുത്തിക്കൊണ്ട് അധീർ രഞ്ജൻ പറഞ്ഞു. മണിപ്പൂരിലെ കലാപത്തെ ഒരു സംസ്ഥാനത്തെയും അക്രമവുമായി താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ലെന്നും വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്നും അദ്ദേഹം വ്യക്തമാക്കി.
അവിശ്വാസപ്രമേയ മറുപടിയിൽ പ്രതിപക്ഷ ബഹളത്തിനൊടുവിലാണ് പ്രധാനമന്ത്രി മണിപ്പൂരിനെ കുറിച്ച് സംസാരിച്ചത്. മറുപടി പ്രസംഗത്തിന്റെ ആദ്യ മണിക്കൂർ കേന്ദ്രസർക്കാരിന്റെ വിവിധ നേട്ടങ്ങളെ കുറിച്ചും പ്രതിപക്ഷത്തെ വിമർശിച്ചുമായിരുന്നു നരേന്ദ്രമോദിയുടെ വാക്കുകൾ. തുടർച്ചയായി മണിപ്പൂർ മുദ്രാവാക്യം മുഴക്കിയ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി, മണിപ്പൂർ വിഷയത്തിൽ ചർച്ച അനുവദിക്കാത്തതും ചൂണ്ടിക്കാട്ടി. പ്രതിപക്ഷം പ്രതിഷേധിച്ച് ഇറങ്ങിപ്പോയതോടെ ശബ്ദവോട്ടോടെ അവിശ്വാസം തള്ളുകയായിരുന്നു. പ്രതിപക്ഷ എംപിമാർ മുദ്രാവാക്യം വിളിച്ച് സഭ ബഹിഷ്‌കരിച്ചു.

